തൃശ്ശൂർ: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും തുടങ്ങുമെന്നും, ഭിന്നശേഷി വിഭാഗത്തിന് സേവനം വാതില്‍ പടിക്കലെത്തിക്കുന്നതിനുള്ള പരിമിതികളെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സേവനം വീട്ടുപടിയ്ക്കല്‍ ലഭ്യമാക്കുന്ന റീഹാബ് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൃശൂര്‍ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മര്‍ ) സാമൂഹ്യസുരക്ഷാമിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കെഎസ്‌ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ എസി ബസാണ് റിഹാബ് എക്‌സ്പ്രസായി ഒരുക്കിയിരിക്കുന്നത്. ഫിസിയോതെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്‌തെറ്റിക് അസസ്‌മെന്റ് ഉള്‍പ്പടെയുള്ള ചികിത്സാ സേവനങ്ങളാണ് റിഹാബ് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments