ചോറ്റാനിക്കര: എരുവേലിയിൽ പാണക്കാട്ട് (മാന്നുള്ളിൽ) വീട്ടിൽ ഷൈജു തന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ചോറ്റാനിക്കരയിലെ ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ സംശയം. ക്രിസ്മസ് ദിനത്തിൽ വൈകീട്ട് ആറോടെ തന്റെ ഭാര്യ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ഷൈജു അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് ശാരിയെ ആശുപത്രിയിലെത്തിച്ചത്.
മരിച്ച ശേഷമാണ് ശാരിയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കണ്ട ആശുപത്രിയിലെ ഡോക്ടർക്ക് മരണത്തിൽ സംശയം തോന്നിയിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിന് നിർണായകമായി. ആദ്യം ഭാര്യ കുഴഞ്ഞുവീണെന്ന് പറഞ്ഞ ഷൈജു പൊലീസ് ചോദ്യം ചെയ്യലിൽ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്.
വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്തനിലയിൽ കണ്ടെന്നും രക്ഷിക്കാൻ ഷാൾ മുറിച്ച് ശാരിയെ നാട്ടുകാരുടെ സഹായത്തോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ഷൈജു പൊലീസിനോട് പറഞ്ഞത്. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയെ സംശയത്തിന്റെ പേരിൽ കഴുത്തിൽ ഷാൾകൊണ്ട് മുറുക്കി ഷൈജു കൊലപ്പെടുത്തുകയായിരുന്നു.
25-ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. അവശനിലയിലായ ശാരിയെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ ശാരി ധരിച്ച നൈറ്റി വായിലും മൂക്കിലും ചേർത്ത് അമർത്തി. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഷൈജുവിന്റെ ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്നു ശാരി. ഇരുവരുടെയും രണ്ടാംവിവാഹമാണ്. ആദ്യവിവാഹത്തിൽ ശാരിക്ക് രണ്ട് മക്കളും ഷൈജുവിന് ഒരുകുട്ടിയും ഉണ്ട്. ആദ്യം ലിവിങ് റിലേഷനും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.
Post Your Comments