Kerala

കെപിസിസി നിര്‍വാഹക സമിതി അംഗം ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

നിലവില്‍ എറണാകുളത്തെ ആശുപത്രിയിലാണ് മൃതദേഹം. രാവിലെ 11 മണിയോടെ ഭൗതികശരീരം അദ്ദേഹത്തിന്റെ സ്വന്തം നാടായ കൊല്ലം ചാത്തന്നൂരിലെത്തിക്കും. നേരത്തെ അദ്ദേഹം നിര്‍ദേശിച്ചിരുന്നത് പ്രകാരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button