ഹൈദരാബാദ്: സംസ്ഥാനത്തെ ജനങ്ങൾ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് സ്വയം മോചിതരായെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. നിയമസഭാ പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ , തെലങ്കാനയിലെ ജനങ്ങൾ പത്ത് വർഷത്തെ അടിച്ചമർത്തലിൽ നിന്ന് മോചിതരാകാനുള്ള വ്യക്തമായ വിധി നൽകിയതായും അവർ പറഞ്ഞു.
‘സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും സ്വേച്ഛാധിപത്യ പ്രവണതകളിൽ നിന്നും തെലങ്കാന മോചിതമായിരിക്കുന്നു, ഒരു അടിച്ചമർത്തലും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനങ്ങളുടെ വിധി അസന്ദിഗ്ദ്ധമായി പറയുന്നു. ഭരണാധികാരികളെ ജനങ്ങളിൽ നിന്ന് വേർപെടുത്തിയ ഇരുമ്പ് ബാരിക്കേഡുകൾ പൊളിച്ചുമാറ്റി. സ്ഫടിക വീടുകളും തടസ്സങ്ങളും നീങ്ങി യഥാർത്ഥ ജനകീയ ഭരണം ആരംഭിച്ചു എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു,’ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി കെസിആറും തെലങ്കാന ഗവർണറും തമ്മിലുള്ള ഭിന്നത ഏറെ ശ്രദ്ധേയമായിരുന്നു. പല സാഹചര്യങ്ങളിലും ഇരുവരും തമ്മിൽ വാക്പോരും ഉണ്ടായിട്ടുണ്ട്.
അതേസമയം, ഗവർണറുടെ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് ഭാരത് രാഷ്ട്ര സമിതി നേതാവ് കൃശാങ്ക് രംഗത്തെത്തി. ‘ഗവർണറുടെ പ്രസംഗം തെലങ്കാനയുടെ വിമോചനത്തെക്കുറിച്ചുള്ളതാണ് എന്നത് വിരോധാഭാസമാണ്. ഇന്നത്തെ ഗവർണറോ ഇന്നത്തെ മുഖ്യമന്ത്രിയോ തെലങ്കാന സമരകാലത്ത് ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. രണ്ടുപേരും ഒരു ലാത്തി അടിയോ കണ്ണീർ വാതക ഷെല്ലോ നേരിട്ടിട്ടില്ല, എന്തിന് ഒരു പോലീസ് കേസ് പോലും നേരിട്ടിട്ടില്ല,’ കൃശാങ്ക് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
Post Your Comments