തൃശൂര്‍: കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും അധിക്ഷേപ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സമീപനം സത്യഭാമ തുടര്‍ന്നത്.
‘യൂണിവേഴ്സിറ്റി, സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാര്‍ക്കിടുന്നതിന് നല്‍കുന്ന പേപ്പറില്‍ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തില്‍ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനന്‍ ആകരുത്. മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും. ഞാന്‍ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എല്‍പി സെക്ഷനില്‍ നിന്ന് മോഹിനിയാട്ടം എടുത്തുകളഞ്ഞത്’, ഇങ്ങനെയായിരുന്നു മാധ്യമങ്ങളോടുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.
‘ഈ ലോകത്ത് ഒരുപാട് കലാകാരന്മാരുണ്ട്. അവരില്‍ ചിലര്‍ക്ക് കറുത്ത പയ്യനും പെണ്ണും മോഹനിയാട്ടം കളിക്കുന്നതില്‍ വിരോധം കാണില്ല. അവര്‍ അത് കൊണ്ടുനടന്നോട്ടെ. ഞാന്‍ എന്റെ അഭിപ്രായമല്ലേ പറഞ്ഞത്. ഞാന്‍ വ്യക്തിപരമായി ആരെയും പരാമര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല, ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല. എനിക്ക് ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ല? അതുമതി. നിങ്ങള്‍ ആരുടെയെങ്കിലും വീട്ടിലുള്ള കുട്ടികള്‍ക്ക് പൊള്ളുന്ന തരത്തില്‍ ഞാന്‍ വല്ലതും പറഞ്ഞോ? നിങ്ങളെ സംബന്ധിച്ചിത് വെറും പ്രോഗ്രാം. നിങ്ങള്‍ ആ വ്യക്തിയുടെ കൂടെ അങ്ങ് കൂടിക്കൊള്ളൂ. ഞാന്‍ ഇനിയും പറയും, ഇതില്‍ ഒരു കുറ്റബോധവുമില്ല’,കലാമണ്ഡലം സത്യഭാമ ആവര്‍ത്തിച്ചു.
താന്‍ സൗന്ദര്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും നിങ്ങളാരും ജോലി ചെയ്യുന്ന മേഖലയല്ലിതെന്നും കലാമണ്ഡലം സത്യഭാമ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ‘അത്യാവശ്യം സൗന്ദര്യം വേണം. സൗന്ദര്യം ഇല്ലാത്ത ഒരു കുട്ടിക്ക് ഒന്നാം സ്ഥാനം കൊടുത്തിട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ എനിക്ക് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. കറുത്ത കുട്ടികള്‍ പരിശീലനത്തിന് വന്നാല്‍ പരിശീലനം നല്‍കും, പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയും. മോള്‍ മത്സരത്തിന് പോകണ്ട, അമ്പലത്തിലും ക്ഷേത്രങ്ങളിലും കളിച്ചോ, മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യത്തിന് ഒരു കോളമുണ്ട് എന്ന് പറയു’മെന്നും സത്യഭാമ വ്യക്തമാക്കി.
‘ഞാന്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാര്‍ തലത്തില്‍ ആ കോളമെടുത്ത് കളയണം. ഞങ്ങള്‍ക്ക് തിയറിയില്‍ ഒരു നര്‍ത്തകിക്ക് വേണ്ടുന്ന ലക്ഷണങ്ങള്‍ പറയുന്നുണ്ട്. ആര്‍എല്‍വിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല’ സത്യഭാമ പറഞ്ഞു.
‘ആര്‍എല്‍വി രാമകൃഷ്ണനുമായി ഒരു പരിചയവുമില്ല. അയാളുമായി പ്രശ്‌നമുണ്ടോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. എനിക്ക് നീന പ്രസാദിന്റെയും മേതില്‍ ദേവികയുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. നീന പ്രസാദ് ഏത് സ്ഥാപനത്തില്‍ നിന്നാണ് ഡിപ്ലോമ എടുത്തത്. അപ്പോള്‍ പിന്നെ എന്തിനാണ് നീന പ്രസാദ് പറഞ്ഞുവെന്ന് പറയുന്ന’തെന്നും സത്യഭാമ ചോദിച്ചു.
‘എന്റെ സ്വന്തം അഭിപ്രായം പറയാന്‍ ആരുടേയും ചെലവ് വേണ്ടല്ലോ. ഒരു സമൂഹത്തിനെക്കൊണ്ടും എനിക്ക് ഒരു ഗുണവുമില്ല. ഞാന്‍ പഠിപ്പിക്കുന്നു, എന്റെ കുട്ടികള്‍ ഫീസ് തരുന്നു, അതുകൊണ്ട് ഞാന്‍ കഞ്ഞി കുടിച്ച് ജീവിക്കുന്നു. അല്ലാതെ സമൂഹത്തില്‍ ഇറങ്ങിയിട്ട് എനിക്ക് അവാര്‍ഡുകളോ പേവാര്‍ഡുകളോ കിട്ടാറില്ല,’ സത്യഭാമ പരിഹസിച്ചു.
‘കുറച്ച് സൗന്ദര്യമുള്ള ആളുകള്‍ മോഹനിയാട്ടത്തിലേക്ക് വന്നാലേ ഭംഗിയുണ്ടാവുകയുള്ളൂ. ശരീരം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തിയാണ് കൂടുതലും. ഉദാഹരണത്തിന് പൂതനാമോക്ഷം, പൂതന കൃഷ്ണന്റെ അടുത്ത് വന്നു കൃഷ്ണനെ കൊല്ലാന്‍ നോക്കുന്നത് എങ്ങനെയാണ്. മുലയില്‍ വിഷം തേച്ചിട്ട് കൊല്ലാന്‍ നോക്കുന്നതാണ് കഥ. ഈ രംഗം പ്രായപൂര്‍ത്തിയായ പുരുഷന്‍ ചെയ്യുന്നതും കാണാന്‍ ഭംഗിയുള്ള ഒരു സ്ത്രീ ബ്രെസ്റ്റൊക്കെ നല്ല ലെവലില്‍ നിര്‍ത്തി ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ? ഇതൊക്കെ കണക്കാക്കിയാണ് ഞാന്‍ പറഞ്ഞത്. മത്സരത്തിനായി ഒരു കുട്ടി 10 മിനിറ്റില്‍ കളിക്കുന്നതല്ല മോഹനിയാട്ടം. സെക്‌സ് രൂപേണയുള്ള ഒരുപാട് കാര്യങ്ങളാണ് മോഹനിയാട്ടത്തിലുള്ളത്. അവിടെ സൗന്ദര്യം എന്ന മാനദണ്ഡമുണ്ട്. മോഹനിയാട്ടം പെണ്‍കുട്ടികളെ ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായമെന്നും’ സത്യഭാമ വ്യക്തമാക്കി.
Post Your Comments