കണ്ണൂർ: ബി.ജെ.പി. സ്ഥാനാർത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങേണ്ടിവന്ന യുവതിക്ക്, വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അതിയടം വീരൻചിറയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിൽ നിർമ്മിച്ച ഹീരാബഹൻ എന്ന വീടാണ് സുരേഷ് ഗോപി ചെറുതാഴത്തെ രഞ്ജിത ദീപേഷിന് കൈമാറിയത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ചെറുതാഴം പഞ്ചായത്തിൽ 10-ാം വാർഡ് അതിയടം വീരൻചിറയിൽ രഞ്ജിത ദീപേഷ് ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇതുമായി ബന്ധപ്പെട്ട്, കുടുംബത്തിലെ ചിലരുടെ എതിർപ്പിനെത്തുടർന്ന് അച്ഛനും അമ്മയും മൂന്ന് വയസുകാരിയായ മകളുമായി രഞ്ജിതയ്ക്ക് തറവാട്ട് വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നു. തുടർന്ന് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ രഞ്ജിത കുടുംബവും വാടക വീട്ടിലായിരുന്നു താമസം.
ഈ അവസരത്തിൽ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് അടക്കമുള്ളവർ രഞ്ജിത ദീപേഷിന് ഒരു വീട് നിർമ്മിച്ച് നൽകണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. സുരേഷ് ഗോപിയുടെ സാമീപ്യത്തിൽ രഞ്ജിതയും ഭർത്താവ് ദീപേഷും ചേർന്ന് ദീപം തെളിച്ചു.
അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു
‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മുൻ ജില്ലാ പ്രസിഡന്റ് കെ.വി. സത്യപ്രകാശൻ, പ്രഭാകരൻ കടന്നപ്പള്ളി, റിനോയ് ഫിലിപ്പ്, കെ. തമ്പാൻ, ബിജു ഏളക്കുഴി, വി.വി. മനോജ്, മധു മാട്ടൂൽ, സി.വി. പ്രശാന്ത്, സി. നാരായണൻ, കെ.വി. സജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments