KeralaLatest NewsNews

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആനയെ കൊടുത്തില്ല: തറക്കല്‍ പൂരം മുടങ്ങി

ആനയെ നല്‍കിയില്ലെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു

തൃശ്ശൂര്‍: നെട്ടിശ്ശേരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അത്തം കൊടികുത്ത് ഉത്സവത്തിന് വേണ്ട ആനകളെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നൽകിയില്ലെന്ന് ആരോപണം. തുടർന്ന് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ നെട്ടിശ്ശേരി ശാസ്താവിന്റെ അത്തം കൊടികുത്ത് ചടങ്ങ് മാത്രമായെന്നും എഴുന്നള്ളിക്കാന്‍ ആനയില്ലാതെ തറക്കല്‍ പൂരം മുടങ്ങുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

ആചാര പ്രകാരം ആറാട്ടുപുഴ ദേവസേനത്തില്‍ പങ്കെടുക്കുന്ന ദേവനാണ് ഞെട്ടിശ്ശേരി ശാസ്താവ്. അഞ്ചാനകളുമായി നടക്കേണ്ട എഴുന്നള്ളിപ്പിന് മൂന്നാനകളെ മാത്രമാണ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം പിടിയാനകള്‍ ആയിരുന്നു. ഇതോടെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് പഞ്ചവാദ്യം മേളം എന്നിവയും ഒഴിവാക്കി ചടങ്ങ് മാത്രമാക്കി. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, ആനയെ നല്‍കിയില്ലെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. നെട്ടിശ്ശേരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അത്തം കൊടികുത്ത് ഉത്സവത്തിന് ദേവസ്വം ബോര്‍ഡിന്റെ ആനകളായ എറണാകുളം ശിവകുമാര്‍, രവിപുരം ഗോവിന്ദന്‍ എന്നീ ആനകളും റീന, പുഷ്പ, ശ്രീദേവി എന്നീ പിടിയാനകളടക്കം 5 ആനകളെ അനുവദിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

എല്ലാ ഒരുക്കങ്ങളും കൃത്യസമയത്തു തന്നെ നല്‍കിയിട്ടും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കി ഉത്സവം മുടക്കുവാനുണ്ടായ ശ്രമമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ചില തല്പരകക്ഷികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button