
പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. ചിറ്റൂർ സ്വദേശി അപ്പുക്കുട്ടൻ എന്ന ലാലുവാണ് (27) പിടിയിലായത്. കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഡിസംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത ശേഷം കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
സി.സി.ടി.വിയും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇയാൾ കവർച്ച നടത്തിയ ശേഷം ഒളിവിൽ പോകാൻ പ്രതികൾക്ക് സഹായം ചെയ്യുകയും ഇവർക്ക് സിംകാർഡുകൾ എടുത്ത് നൽകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കേസിലെ മറ്റ് പ്രതികളായ കോഴിപ്പാറ സ്വദേശി രവിയെയും, പത്തിരിപ്പാല കൊടക്കാട് സ്വദേശി നൗഷാദിനെയും, വണ്ടിത്താവളം കളപ്പുരചള്ള സ്വദേശി വിനോദിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ഡിവൈ.എസ്.പിമാരായ പി.സി. ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ലാലുവിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി.
Post Your Comments