ന്യൂഡൽഹി : ലോക്സഭയില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ഷാഫി പറമ്പിൽ. രാഹുൽ ഗാന്ധി ഒരു ജനതയുടെ ശബ്ദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം രണ്ടാകുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അത് ഏതൊക്കെ രീതിയിൽ ആണെന്നും ചൂണ്ടിക്കാട്ടി. അതിസമ്പന്നരുടെ ഇന്ത്യയും പാവപ്പെട്ടവന്റെ ഇന്ത്യയും. 7 വർഷം കൊണ്ട് 23 കോടി പേർ ബിജെപി ഭരണത്തിൽ ദാരിദ്യത്തിലേക്ക് തള്ളപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
‘കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും ബിജെപി നയങ്ങൾ തിരിച്ചടിയാകുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വിഹിതം പോലും വെട്ടിക്കുറക്കുന്നു. ചൈനയും പാക്കിസ്ഥാനും ഒരുമിക്കുന്ന നയതന്ത്ര പാളിച്ചകൾ ആവർത്തിക്കുന്നു, പുറമേ ഒറ്റപ്പെടുത്തുകയും അകത്ത് തമ്മിലടിപ്പിക്കുകയും ചെയ്യുന്ന BJP നയങ്ങൾ ഇന്ത്യയെ ദുർബ്ബലപ്പെടുത്തുന്നു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പെഗാസസുമെല്ലാം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നു. ജനാധിപത്യത്തെ തകർത്ത് രാജഭരണ കാലത്തേക്ക് ഇന്ത്യയെ തിരികെ കൊണ്ട് പോകാനുള്ള ശ്രമം നടക്കുന്നു’, ഇങ്ങനെയായിരുന്നു രാഹുൽ ഗാന്ധി ലോക്സഭയിൽ കേന്ദ്രത്തെ വിമർശിച്ച് ഘോരം പ്രസംഗിച്ചത്.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ തീപ്പൊരി പ്രസംഗമെന്നാണ് അണികൾ വിശേഷിപ്പിക്കുന്നത്. ജനതയുടെ ശബ്ദമെന്ന് ഷാഫി പറമ്പിൽ വിശേഷിപ്പിച്ചു. എന്നാൽ, ജനതയുടെ ശബ്ദമായ രാഹുൽ ഗാന്ധിക്ക് ജയിക്കാൻ കേരളത്തിൽ വരേണ്ട അവസ്‌ഥ ആയി എന്നും പരിഹാസങ്ങൾ ഉയരുന്നു. ജുഡീഷ്യറിക്കെതിരെ രാഹുൽ നടത്തിയ വിവാദ പരാമർശത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു രംഗത്ത് വന്നിരുന്നു. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഹുൽ ഗാന്ധി ജുഡീഷ്യറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പു പറയണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു.
Post Your Comments