പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങളെ കുറച്ചുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുക, ഇതാണ് സര്‍ക്കാരിന്റെ വരാനിരിക്കുന്ന അഞ്ച് വർഷങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര ശാലോം പള്ളി പി.ഐ.പി കനാലിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
‘വലിയ വെല്ലുവിളികളിലൂടെയാണ് ആരോഗ്യ മേഖല കടന്നുപോകുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിലൂടെയാണ് രോഗവ്യാപനം വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ കടന്നു വന്നത്. ഇവയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തുകയുണ്ടായി. രോഗത്തെ ചെറുക്കുന്നതിനായി വാക്സിനേഷന്‍ ഊര്‍ജിതമാക്കി’യെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
‘വാക്സിന്‍ എടുത്തിട്ടില്ലാത്ത ആളുകളില്‍ രോഗം വര്‍ധിക്കുന്നത് കണ്ടെത്തി. മറ്റു രോഗങ്ങള്‍ ഉള്ളവരോ വാക്സിന്‍ സ്വീകരിക്കാത്തവരോ ആണ് മരണത്തിന് കീഴടങ്ങുന്നതെന്ന് പഠനങ്ങള്‍ മനസിലാക്കിത്തന്നു. നിപ്പയെ നാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചു. ജീവിതശൈലീ രോഗങ്ങളെ കുറച്ചുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഇനിയുള്ള അഞ്ചു വര്‍ഷത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികള്‍ ഉണ്ടാകണം. ജില്ലയില്‍ ആരോഗ്യമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു’വെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു.
Post Your Comments