കുവൈറ്റ് സിറ്റി : 183 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 3075 ആയി. വൈറസ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 57 വയസ്സുള്ള ഇറാൻ പൗരനാണ് മരിച്ചതെന്നും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ രോഗികളിൽ 53 പേർ ഇന്ത്യക്കാരായതോടെ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 1557 ആയി ഉയർന്നു. ചികിത്സയിലായിരുന്നു 150 പേർ സുഖം പ്രാപിച്ചതോടെ ഇതുവരെ 806 പേർ രോഗമുക്തി നേടി. നിലവിൽ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വ്യക്തമാക്കി.
സൗദി അറേബ്യയിൽ പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലുമായി ഓരോ ഓരോ പ്രവാസികളുമാണ് മരിച്ചത്. 39നും 72നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടതെന്നും രാജ്യത്തെ ആകെ കോവിഡ് ബാധിച്ചുള്ള മരണം 137 ആയെന്നും പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17522 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു .
Also read : ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങി ഗൾഫ് രാജ്യം
പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേർ സുഖം പ്രാപിച്ചു, ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2357ലെത്തി. 15026 പേരാണ് ചികിത്സയിലുള്ളത് 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. രാജ്യത്ത് ഇപ്പോഴും വൈറസ് സജീവ സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
യുഎഇയിൽ ആശങ്ക പടർത്തി, കോവിഡ് രോഗികളുടെ എണ്ണം 10000 കടന്നു. 536പേർക്ക് കൂടി ഞയാറാഴ്ച്ച രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10,349ലെത്തി. അഞ്ചു പേർ കൂടി മരണപ്പെട്ടുവെന്നും, രാജ്യത്ത് ഇതുവരെ 76 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 91 പേർ സുഖം പ്രാപിച്ചതോടെ, രോഗ വിമുക്തി നേടിയവരുടെ എണ്ണം 1978ആയി ഉയർന്നു. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത്. 35,000ലധികംപേരെ പുതിയതായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രോഗം ഭേദമായവരുടെ പ്ലാസ്‍മ ഉപയോഗിച്ചുള്ള ചികിത്സയുടെ പരീക്ഷണം തുടങ്ങിയെന്നും ഇതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Also read : ഇന്ത്യയിൽ കോവിഡ് അതിവേഗം പടരുന്നത് ഏഴ് സംസ്ഥാനങ്ങളിൽ
രോഗികളുടെ എണ്ണം 10,000 പിന്നിട്ടതോടെ ഖത്തറിലും ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,287 ആയി ഉയർന്നു. ഇതിൽ 9,265 പേരാണ് ചികിത്സയിലുള്ളത്. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. 82,289 പേർ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായെന്നു അധികൃതർ വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. രോഗ വ്യാപനം ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തലെന്നും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികൾ സമഗ്രമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments