
കുവൈറ്റ് സിറ്റി : രാജ്യത്ത് പൊതു ഇടങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കുവൈറ്റ് ആഭ്യന്തര വകുപ്പ് നടപടികൾ ശക്തമാക്കി. പൊതുഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ പരിശോധനകളുടെ ഭാഗമായി പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് പേർ സ്ത്രീകളും, മൂന്ന് പേർ പുരുഷന്മാരുമാണ്.ഇതിൽ അറബ്, ഏഷ്യൻ വംശജർ ഉൾപ്പെടുന്നു. ഇവരെ പള്ളികളുടെ പരിസരങ്ങളിലും, മാർക്കറ്റുകളിലും യാചകവൃത്തിയിലേർപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
റമദാൻ വേളയിൽ ഭിക്ഷാടനം നടത്തുന്നതിന് പിടിയിലാകുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പിടിയിലായിട്ടുള്ളവരിൽ ഏതാനം പേർ വിസിറ്റ്, ഫാമിലി റസിഡൻസ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളവരാണ്.
ഇത്തരം പ്രവാസികളെ കുവൈറ്റിലേക്ക് നിയമിച്ചിട്ടുള്ള കമ്പനികൾക്കെതിരെയും, സ്പോൺസർമാർക്കെതിരെയും കർശന നടപടികൾ ഉണ്ടാകുന്നതാണ്.
Post Your Comments