കുവൈറ്റ് സിറ്റി : രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഈ നിയമങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണിത്. ഇതുമായി ബന്ധപ്പെട്ട് ‘5/ 2025’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കുവൈറ്റിലെ റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കുന്നതിനും, അതിലൂടെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. ഈ പുതിയ നിയമ പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്ക് 15 മുതൽ 10000 ദിനാർ വരെ പിഴചുമത്തുന്നതിനും, ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ ചുമത്തുന്നതിനും ഉൾപ്പടെയുള്ള വ്യസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളിലെ ഭേദഗതി പ്രകാരം നിയമലംഘനങ്ങൾക്ക് കുവൈറ്റ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പിഴ തുകകൾ:
. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരത്തിൽ വണ്ടിയോടിച്ച് കൊണ്ട് പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കും, മരണം, പരിക്ക് എന്നിവയ്ക്ക് ഇടയാക്കുന്നവർക്കും 5000 ദിനാർ വരെ പിഴ ചുമത്തുന്നതും, അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതുമാണ്.
. പൊതു നിരത്തുകളിൽ വാഹനങ്ങൾ റേസ് ചെയ്യുന്നവർക്കും, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കും 1000 ദിനാർ വരെ പിഴ ചുമത്തുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതുമാണ്.
. ലൈസൻസ് പ്ലേറ്റുകളിൽ മാറ്റം വരുത്തുക, ചില്ലുകളിൽ നിയമവിദേയമല്ലാത്ത ടിന്റ് ഫിലിം പതിക്കുക, വാഹനത്തിൽ സ്റ്റിക്കറുകൾ പതിപ്പിക്കുക, അനധികൃതമായ രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തുക തുടങ്ങിയ പ്രവർത്തികൾക്ക് 200 ദിനാർ വരെ പിഴ ചുമത്തുന്നതാണ്.
. പൊതുനിരത്തുകളിലും മറ്റും വാഹനങ്ങൾ ഉപേക്ഷിക്കുന്നതും, വാഹനങ്ങളിൽ നിന്ന് മാലിന്യം ഉപേക്ഷിക്കുന്നതുമായ പ്രവർത്തികൾക്ക് 45 മുതൽ 75 ദിനാർ വരെ പിഴ ചുമത്തുന്നതാണ്.
. ലൈസൻസ് കൂടാതെ വാഹനമോടിക്കുന്നവർക്ക് 300 ദിനാർ വരെ പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്.
ഈ നിയമഭേദഗതികൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Post Your Comments