ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ലിംഗ വിവേചനം ഏർപ്പെടുത്തിയ ഡിസ്നിക്കെതിരെ നടപടിയുമായി വനിതാ ജീവനക്കാർ രംഗത്ത്. ഡിസ്നിക്കെതിരായ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ യുഎസ് കോടതി അനുമതി നൽകിയിരിക്കുകയാണ്. പരാതി ഉന്നയിച്ച 9000 വനിതാ ജീവനക്കാർക്കാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. 2015 മുതൽ വൈസ് പ്രസിഡന്റ് തസ്തികയ്ക്ക് താഴെ വരുന്ന വനിതാ ജീവനക്കാരും നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി വനിതാ ജീവനക്കാർക്ക് യാതൊരു തരത്തിലുള്ള പരിഗണനയോ, അവരുടെ അടിസ്ഥാന അവകാശങ്ങളോ ഡിസ്നി ലഭ്യമാക്കിയിട്ടില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ലോറി ആൻഡ്രൂസ് വ്യക്തമാക്കി.
ഡിസ്നി ലാൻഡ് ഹോട്ടലുകൾ, തീം പാർക്ക്, ക്രൂയിസ് ലൈൻ, ഡിസ്നി ഫിലിം, ടിവി സ്റ്റുഡിയോ, എബിസി, മാർവൽ, ലൂക്കാസ് ഫിലിംസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരാണ് നിയമ പോരാട്ടത്തിന് സജ്ജമായിരിക്കുന്നത്. ഈ മേഖലയിലെ വിവിധ തസ്തികകളിൽ പ്രവർത്തിക്കുന്ന വനിതാ ജീവനക്കാർക്ക്, പുരുഷ ജീവനക്കാരേക്കാൾ രണ്ട് ശതമാനം കുറവ് ശമ്പളമാണ് നൽകുന്നത്. കാലിഫോർണിയയിലെ തുല്യ വേതന നിയമത്തിന് കീഴിൽ ഫയൽ ചെയ്തിരിക്കുന്ന ഏറ്റവും വലിയ നടപടി കൂടിയാണ് ഡിസ്നിക്കെതിരെയുള്ള പോരാട്ടം. അടുത്ത വർഷം ഒക്ടോബറിന് മുൻപ് ഈ കേസുമായി ബന്ധപ്പെട്ട വിചാരണ ആരംഭിക്കുന്നതാണ്.
Also Read: രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Post Your Comments