തലശ്ശേരി: ഫ്ലാറ്റിലെ മുറിയിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ മുറിയിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതി റോയൽ ഹെവൻ അപ്പാർട്മെൻറിലെ സി. ജിതേന്ദ്ര എന്ന ജിത്തുവിനെയാണ് (51) കോടതി ശിക്ഷിച്ചത്. തലശ്ശേരി അഡീഷനൽ ജില്ല കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ശിക്ഷ വിധിച്ചത്.
കോടതി രണ്ട് വകുപ്പുകളിലായാണ് 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വധശ്രമത്തിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. മുറിയിൽ അതിക്രമിച്ച് കയറിയതിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് അനുഭവിക്കണം.
അതേസമയം, പ്രതിയെ സഹായിച്ച രണ്ടാം പ്രതിയും സേവ്യറിന്റെ ഭാര്യയുമായിരുന്ന അന്നമ്മ മാത്യുവിനെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പ്രതികൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചതും ജിത്തുവിന്റെ അക്കൗണ്ടിലേക്ക് സേവ്യറിന്റെ പണം മാറ്റിയത് സംബന്ധിച്ച് കേസ് കൊടുത്തതും ആക്രമണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്.
2014 സെപ്റ്റംബർ 27-ന് പുലർച്ച 2.55നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. രൂപേഷ്, അഡ്വ. കെ.ആർ. സതീശൻ എന്നിവർ ഹാജരായി.
Post Your Comments