
ചെന്നൈ : ചെന്നൈയില്‍ റെയില്‍വെ ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തി. സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ട്രെയിന്‍ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
ഇന്നലെ ആര്‍ക്കോണം – ചെന്നൈ സെക്ഷനില്‍ തിരുവള്ളൂര്‍ ജില്ലയിലെ തിരുവങ്ങാട് സ്റ്റേഷന് സമീപത്താണ് ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ സംഭവമുണ്ടായത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താനോ അപകടം സൃഷ്ടിക്കാനോ ലക്ഷ്യമിട്ട് അജ്ഞാത വ്യക്തികള്‍ ട്രാക്കിലെ ബോള്‍ട്ട് അഴിച്ചുമാറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
അര്‍ദ്ധരാത്രി 1.20ന് സ്റ്റേഷനിലെ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ മുന്നറിയിപ്പ് അലാം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പോയിന്റ് നമ്പര്‍ 64ലെ ബോള്‍ട്ടുകള്‍ ഇളക്കി മാറ്റിയതായി പോയിന്റ്സ്മാന് കണ്ടെത്തി. അടുത്ത ട്രെയിന്‍ കടന്നുപോകേണ്ട സമയത്തിന് മുമ്പ് ജീവനക്കാര്‍ തകരാര്‍ പരിഹരിച്ചു. കൃത്യസമയത്ത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ മൂന്നറിയിപ്പ് ലഭിച്ചതാണ് വലിയ അപകടം ഒഴിവാക്കാന്‍ കാരണമായത്.
സിഗ്നലുകളും ട്രാക്ക് സ്വിച്ചുകളും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം. തകരാറുകള്‍ കണ്ടെത്താനും അപകടകരമായ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും ഈ സംവിധാനം ഫലപ്രദമായി റെയില്‍വെ ഉപയോഗിക്കുന്നു.
Post Your Comments