
ആഗോള കത്തോലിക്കാ സഭാ തലവന്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട പറയാന്‍ ലോകം. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം മാര്‍പ്പാപ്പയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിത്യതയിലേക്ക് മടങ്ങിയത്. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിന് ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു. 1958 ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാളായി. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പ പദവിയിലെത്തി.
കത്തോലിക്കാ സഭയുടെ 266 മത്തെയും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയുമായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം, വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരമ്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിച്ച് സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളെന്ന് വിളിച്ച മാര്‍പാപ്പ, ലോകമാകെ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് പ്രത്യാശയുടെ വെളിച്ചമായിരുന്നു.
Post Your Comments