അനശ്വര നടന്‍ മുരളിയുടെ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവ് വരുത്തിയ ശില്‍പിക്ക് അക്കാദമി നല്‍കിയത് 5.70 ലക്ഷം രൂപ മുരളിയുടെ അര്‍ദ്ധകായ വെങ്കല പ്രതിമ ശില്പി വില്‍സണ്‍ പൂക്കായിയാണ് നിർമ്മിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ നടനുമായി യാതൊരു രൂപസാദൃശ്യവുമില്ലാത്ത ശില്‍പമാണ് പൂര്‍ത്തിയായത്. ഇയാൾക്ക് നൽകിയ തുക എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്.
മുരളിയുടെ വെങ്കലപ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം ഒരേസ്വരത്തില്‍ ഇത് മുരളിയല്ല എന്നാവര്‍ത്തിച്ചു. മഹാനായ ഒരു കലാകാരനെ ഇങ്ങനെയും അവഹേളിക്കണമായിരുന്നോ എന്നാണ് സമൂഹമാദ്ധ്യമത്തില്‍ ഉയരുന്ന ചോദ്യം.
2009-ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെയാണ് മുരളി വിട പറഞ്ഞത്. അന്ന് അദ്ദേഹത്തിന്റെ കരിങ്കല്‍ശില്പം അക്കാദമിയില്‍ സ്ഥാപിച്ചു. എന്നാല്‍ ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീര്‍ക്കാനായിരുന്നു വെങ്കലത്തില്‍ മറ്റൊന്ന് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് വില്‍സണുമായി കരാര്‍ ഉണ്ടാക്കി. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിന് സമീപം സ്ഥാപിക്കാനായിരുന്നു തീരുമാനം.
പ്രതിമയുടെ മോള്‍ഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്ന് ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. വെങ്കല പ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം മുരളിയുടെ രൂപസാദൃശ്യമില്ലെന്ന് പ്രതികരിച്ചു. രൂപമാറ്റത്തിന് നിരവധി തവണ അക്കാദമി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫലമില്ലാതായതോടെ ശില്‍പിയുടെ കരാര്‍ റദ്ദാക്കാനും മുന്‍കൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനും അക്കാദമി ഉത്തരവിട്ടു.
എന്നാല്‍ പണം തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലെന്ന് വില്‍സണ്‍ അറിയിച്ചതോടെ നികുതി ഉള്‍പ്പെടെ മുഴുവന്‍ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു ധനവകുപ്പ്.
Post Your Comments