തിരുവനന്തപുരം: മലയാളത്തിലെ മഹാനടന്മാരില്‍ ഒരാളായ മുരളിയുടെ വെങ്കല ശില്‍പവുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. സംഗീത നാടക അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന നടന്‍ മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ശില്‍പത്തിന് മുരളിയുടെ രൂപ സാദൃശ്യമില്ലാതിരുന്നതിനെ തുടര്‍ന്ന് അക്കാദമി കരാര്‍ റദ്ദാക്കിയിരുന്നു.
കൂടാതെ ശില്‍പത്തിനായി ചെലവഴിച്ച 5.70 ലക്ഷം രൂപ ശില്‍പി തിരിച്ചടക്കണമെന്നും, സംഗീത നാടക അക്കാദമി ശില്‍പി വില്‍സണ്‍ പൂക്കായിയോട് ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് അതിന് കഴിയില്ലെന്ന് ശില്‍പി അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍, പണം തിരിച്ച് അടയ്ക്കുന്നത് ഒഴിവാക്കുകയും നഷ്ടം അക്കാദമി വഹിക്കണമെന്നും അറിയിച്ച് ഉത്തരവിറക്കി. ഇതിന് പിന്നാലെയായിരുന്നു വിവാദം ഉടലെടുത്തത്.
അതേസമയം, മാധ്യമങ്ങളില്‍ നടന്‍ മുരളിയുടെ പേരില്‍ പ്രചരിക്കുന്ന പ്രതിമയുടെ ചിത്രം താന്‍ നിര്‍മ്മിച്ച പ്രതിമയുടേതല്ലെന്ന വെളിപ്പെടുത്തലുമായി ശില്‍പി വില്‍സണ്‍ പൂക്കായി
രംഗത്ത് എത്തി. സംഗീത നാടക അക്കാദമിയുടെ വളപ്പില്‍ സ്ഥാപിച്ച വേറൊരു ശില്‍പിയുടെ രണ്ടു പ്രതിമകളില്‍ ഒന്നാണ് താന്‍ നിര്‍മ്മിച്ച പ്രതിമയെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ശില്‍പി പറയുന്നു.
നടന്‍ മുരളിയുടെ വെങ്കല പ്രതിമ നിര്‍മ്മിക്കാനായിരുന്നു ശില്‍പി വില്‍സണ്‍ പൂക്കായിയെ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ശില്‍പത്തിനായി നിര്‍മ്മിച്ച കളിമണ്‍ പ്രതിമയ്ക്ക് രൂപസാദൃശ്യമില്ലെന്ന് വിലയിരുത്തി നിര്‍മ്മാണം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ശില്‍പി മാതൃഭൂമിയോട് പ്രതികരിച്ചു.
മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വില്‍സണ്‍ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം രാജന്‍ എന്ന ശില്‍പി നിര്‍മ്മിച്ച പ്രതിമയുടേതാണെന്ന് വില്‍സണ്‍ പറഞ്ഞു.
Post Your Comments