തിരുവനന്തപുരം: അന്തരിച്ച നടൻ മുരളിയുടേതുൾപ്പെടെ മുൻ അധ്യക്ഷന്മാരുടെ പ്രതിമ നിർമിക്കേണ്ടെന്ന നിലപാടിൽ കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാൽ അതിനേ നേരമുണ്ടാവുകയുള്ളൂവെന്നും, എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാമെന്നും അക്കാദമി നിരീക്ഷിക്കുന്നു. പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മുരളിയുടെ വെങ്കലപ്രതിമാനിർമാണവും പുനഃപരിശോധിക്കില്ല.
നടൻ മുരളിയുടെ വെങ്കലപ്രതിമനിർമാണം വിവാദമായതാണ് അക്കാദമിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇപ്പോൾത്തന്നെ മുരളിയുടെ രണ്ട് കരിങ്കൽപ്രതിമ അക്കാദമി വളപ്പിലുണ്ട്. ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാൽ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിർമിക്കുകയായിരുന്നു. അതിനും മുരളിയുമായി രൂപസാമ്യമുണ്ടായില്ല. തുടർന്നാണ് അർധകായ വെങ്കലപ്രതിമയുണ്ടാക്കാൻ വിൽസൺ പൂക്കായിക്ക് കരാർ നൽകിയത്.
മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി. എന്നാൽ രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ നിർമാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു. വിൽസൺ പൂക്കോയി നിർമ്മിച്ച പ്രതിമയ്ക്ക് രൂപസാദൃശ്യമില്ലാത്തതിനാൽ സർക്കാർ തന്നെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതിനായി ശില്‍പി മുൻകൂറായി 5,70,000 കൈപ്പറ്റിയിരുന്നു. 19 ലക്ഷത്തിന് കരാർ ഏറ്റെടുത്താണ് നിർമാണം ആരംഭിച്ചത്.
Post Your Comments