
മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര ലോകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ബുമ്ര. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവില്‍ സ്ഥിരീകരിച്ചത്.
ടി20 ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ നേരത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡോ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം എത്തിയിരിക്കുന്നത്.
Read Also:- നരച്ച മുടി കറുപ്പാക്കാൻ ഈ രണ്ടു ചേരുവകൾ മിക്സ് ചെയ്ത് തലയിൽ പുരട്ടൂ
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ബുമ്ര രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു. പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുമ്രയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Post Your Comments