കായികപ്രേമികളുടെ കാത്തിരിപ്പായ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇനി ശേഷിക്കുന്നത് നൂറിൽ താഴെ ദിവസങ്ങൾ. ഇത്തവണ ഇന്ത്യയാണ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ മുന്നൊരുക്കങ്ങൾക്കായി 500 കോടി രൂപ ബിസിസിഐ അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങൾ മികച്ചതാക്കാൻ 50 കോടി രൂപ ഓരോ സംസ്ഥാനങ്ങളുടെയും ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കൈമാറുന്നതാണ്.
ഇത്തവണ അഹമ്മദാബാദ്, ചെന്നൈ, മുംബൈ, ധർമ്മശാല, ഡൽഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലക്നൗ, കൊൽക്കത്ത എന്നീ സ്റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. കൂടാതെ, ഗുവാഹത്തിയിലും തിരുവനന്തപുരത്തും സന്നാഹ മത്സരങ്ങൾ നടക്കുന്നതാണ്. ഈ ലോകകപ്പ് വേദികളെല്ലാം ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സ്റ്റേഡിയങ്ങളിൽ ഫ്ലഡ് ലൈറ്റുകൾ, കോപ്പറേറ്റ് ബോക്സുകൾ, പുതിയ പിച്ച്, ഡ്രസിംഗ് റൂമുകൾ, ഔട്ട് ഫീൽഡ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ബിസിസിഐ അനുവദിച്ച തുക പ്രധാനമായും ഇത്തരം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുക. ആദ്യ അഞ്ച് മത്സരങ്ങൾ നടക്കുന്ന ധർമ്മശാല സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
Post Your Comments