KeralaNews

ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം : അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ

ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 7 ന് നടന്ന പരിപാടിയിൽ‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു മുഖ്യപ്രഭാഷണം നടത്തി

തിരുവനന്തപുരം: എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ആരോഗ്യരംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നതെന്നും ആ നേട്ടം നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം തുടരണമെന്നും അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ. കവടിയാർ ടെന്നിസ് ക്ലബ്ബില്‍ നിര്‍മ്മല ഹോസ്പിറ്റലിന്റെ സ്ഥാപകനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം റിട്ട. പ്രൊഫസറും വൈസ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ.എന്‍. ബല്‍സലാമിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമേഖലയില്‍ മികവിന്റെ ഹബ്ബ് ആയി തലസ്ഥാനനഗരി മാറിയിരിക്കുന്നുവെന്നും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ ഡോ. ബല്‍സലാമിനെപ്പോലെയുളളവരാണ് അതിനു പ്രചോദനമാകുന്നതെന്നും എംഎൽഎ പറഞ്ഞു.  ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 7 ന് നടന്ന പരിപാടിയിൽ‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു മുഖ്യപ്രഭാഷണം നടത്തി.

സമൂഹത്തിൽ ഏറെ ബഹുമാനം അർഹിക്കുന്നവരാണ് ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർ. കോവിഡിനെ നേരിട്ടതിൽ പ്രമുഖർ അവരാണ്. അതിൽ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ മുതൽ പ്രൊഫസർമാർ വരെയുണ്ട്. അവർക്ക് പകരം വെയ്ക്കാൻ മറ്റൊരാളില്ല. അവർക്കെതിരെയുളള അതിക്രമങ്ങൾ ഒരിക്കലും പൊറുക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യൂ.പി.എം.എ വൈസ് പ്രസിഡന്റ് ഡോ. ദേവിന്‍ പ്രഭാകര്‍ ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രാണ്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അനുപമ രാമചന്ദ്രന് ഡോ.ബൽസലാം അവാർഡും പ്രശസ്ത സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. കെ.ചന്ദ്രമോഹന് ബല്‍സലാം ഒറേഷന്‍ അവാര്‍ഡും നൽകി ആദരിച്ചു.

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ്ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഐ. എം.എ പ്രസിഡന്റ് ശ്രീജിത്ത്. ആര്‍, വൈസ് പ്രസിഡന്റ് ഡോ. അഭിലാഷ് ബല്‍സലാം, സരസ്വതി വിദ്യാലയ വൈസ് ചെയർപേഴ്സൺ ഡോ. ദേവി മോഹൻ, ഡോ. ലീലാമണി ആംബ്രോസ്, ഡോ.കാര്‍ത്തികേയന്‍, ഡോ. ആര്‍.സി ശ്രീകുമാര്‍, ഡോ. തിരുവാര്യന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. മധു മുരളീ, ഡോ. സ്വപ്ന എസ്. കുമാര്‍, ഡോ.ഡാന്‍ദേവ്, സന്തോഷ് ബല്‍സലാം എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button