ദുബായ്: പാകിസ്ഥാനെ തകർത്ത് ആറാം ഏഷ്യന്‍ കിരീടം ചൂടി ശ്രീലങ്ക. പാകിസ്ഥാനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്‌സയാണ് (75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. എന്നാല്‍, അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ താരങ്ങള്‍ക്കുണ്ടായിരുന്നു.
ആദ്യം ഷദാബ് ഖാന്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. പിന്നാലെ ആസിഫ് അലിയും ഷദാബും കൂട്ടിയിടിച്ച് മറ്റൊരു അവസരം പാഴാക്കി. 19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്. മുഹമ്മദ് ഹസ്‌നൈനിന്റെ ബോൾ ഓഫ് കട്ട് ചെയ്ത രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചു. മുകളിലേക്ക് ഉയര്‍ന്ന പന്ത് ആസിഫിന്റെ കൈകളിലേക്ക്. അദ്ദേഹത്തിന് പിടിക്കാവുന്ന ക്യാച്ചായിരുന്നത്.
എന്നാല്‍, ഷദാബ് വന്ന് കൂട്ടിയിടച്ചോടെ ആസിഫിന് നിയന്ത്രണം നഷ്ടമായി. പന്ത് ബൗണ്ടറി ലൈനിനപ്പുറത്താണ് വീണത്. ശ്രീലങ്കയ്ക്ക് കിട്ടിയത് ആറ് റണ്‍സ്. ഇടിയില്‍ ഷദാബിന് പരിക്കേറ്റിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് കളിക്കാനായത്. ലങ്ക ഉയർത്തിയ 170 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.
നാലാം ഓവറില്‍ തന്നെ ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരെ നഷ്ടമായി. പ്രമോദ് മധുഷനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്‌വാനും (55), ഇഫ്തിഖര്‍ അഹമ്മദും (32) സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ, ഇഫ്തിഖര്‍ പുറത്തായതോടെ പാകിസ്ഥാൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നെത്തിയ മുഹമ്മദ് നവാസ് (6), ഖുഷ്ദില്‍ ഷാ (2), ആസിഫ് അലി (0) എന്നിവര്‍ക്ക് തിളങ്ങനായില്ല.
Read Also:- കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച് ദമ്പതികൾ: ചെക്ക്പോസ്റ്റിൽ പിടിയിലായത് മലപ്പുറം സ്വദേശികൾ
തുടക്കത്തിൽ തകര്‍ച്ചയ്ക്ക് ശേഷമാണ് ലങ്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഭാനുക രജപക്‌സയ്ക്ക് പുറമെ വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രമോദ് മധുഷൻ നാലും വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റും നേടി. ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമാണിത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ഈ കിരീടം ഏറെ പ്രചോദനം നല്‍കും.
Post Your Comments