ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് ലങ്ക പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്.
മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ ചെറുത്തുനിൽപ്പ് തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ കൂടാരം കയറിയപ്പോൾ ലങ്ക മൂന്നിന് 29 എന്ന നിലയിലായി.
പിന്നീട് ക്രീസിലെത്തിയ ഭാനുക രജപക്‌സ (24), ദസുന്‍ ഷനക (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (10) കൂടെ നിര്‍ത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്‌സ്. പാകസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also:- ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
നേരത്തെ, 30 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാനെ 100 കടക്കാന്‍ സഹായിച്ചത്. അസമിന് പുറമെ മുഹമ്മദ് നവാസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് റിസ്‌വാന്‍ (14), ഫഖര്‍ സമാന്‍ (13), ഇഫ്തിഖര്‍ അഹമ്മദ് (13) എന്നിവരും രണ്ടക്കം കണ്ടു. ഖുഷ്ദില്‍ ഷാ (4), ആസിഫ് അലി (0), ഹാസന്‍ അലി (0), ഉസ്മാന്‍ ഖാദിര്‍ (3), ഹാരിസ് റൗഫ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇരു ടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
Post Your Comments