വഴിക്കടവ്: എം.ഡി.എം.എയുമായി നാല് മലപ്പുറം സ്വദേശികൾ പിടിയിൽ. വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ചാണ് നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നു. കൈക്കുഞ്ഞിനെ മറയാക്കിയാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. എന്നിവരാണ് പിടിയിലായത്.
75.458 ഗ്രാം എം.ഡി.എം.എ ആണ് സംഘത്തിൽ നിന്നും എക്സൈസ് കണ്ടെടുത്തത്. കുടുംബസമേതം ബാംഗ്ലൂരിൽ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി. സന്തോഷ് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് കൈവശമുള്ള മയക്കുമരുന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഉടൻ തന്നെ സംഘത്തെ അറസ്റ്റ് ചെയ്‌ത്.
കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവിൽ നിന്നും MDMA എടുത്ത്, ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചത്.
Post Your Comments