കൊച്ചി: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരിൽ, സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതി സർവ്വേയുടെ ഭാഗമായി നടത്തുന്ന കല്ലിടൽ മരവിപ്പിച്ചതായി സർക്കാർ, ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
കല്ലിടൽ മരവിപ്പിച്ച ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കിയ സർക്കാർ, ജിയോ ടാഗ് ഉപയോഗിച്ച് സർവ്വേ നടത്തുമെന്നും അറിയിച്ചു. എന്നാൽ, ജിയോ ടാഗ് സർവ്വേ നേരത്തേ ആയിക്കൂടായിരുന്നോ എന്നും ഇത്രയും കോലാഹലം വേണ്ടിയിരുന്നോ എന്നും കോടതി ചോദിച്ചു.
സർവ്വേ രീതി മാറ്റിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൽ നിശബ്ദതയോടുകൂടി മാത്രമേ നടക്കുകയുള്ളൂവെന്ന് പറഞ്ഞ കോടതി, സർവ്വേയ്ക്കായി ഇത്രയും വലിയ കല്ലെന്തിനാണെന്നും ചോദിച്ചു.
കല്ലിടൽ തടയണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, രേഖകൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്, കല്ലിടുന്നതിനെതിരായ ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി കോടതി മാറ്റി വച്ചു.
Post Your Comments