Latest NewsKerala

ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ല : സുപ്രധാന വിധിയുമായി ഹൈക്കോടതി

നിയമനം മതം മാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം ചെയ്താണ് അനു ഹർജി നൽകിയത്

കൊച്ചി: ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം സ്വദേശി എസ്.പി. അനു സമര്‍പ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താനോ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്ക് അധികാരമില്ലെന്നും, ജാതി സര്‍ട്ടിഫിക്കട്ടിൽ സംശയം തോന്നിയാൽ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്നും കോടതി പറഞ്ഞു.

നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം ചെയ്താണ് അനു ഹർജി നൽകിയത്. ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനമാണ് മതം മാറിയെന്ന പേരിൽ നിഷേധിച്ചത്. 2015ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു.

പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷമാണ് ജാതി സർട്ടിഫിക്കറ്റിൽ തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി.എസ്.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്നും പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറിയെന്നുമാണ് പി.എസ്.സിയുടെ വാദം.

തുടർന്ന് ഭാവിയില്‍ അപേക്ഷ നല്‍കുന്നത്തിന് വിലക്കി പി.എസ്.സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിടുകയായിരുന്നു.
അതേസമയം, താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് അനു വാദിച്ചത്.

സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അനു ബോധിപ്പിച്ചു. തുടര്‍ന്ന് പി.എസ്.സിയുടെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button