ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയിൽനിന്ന് രണ്ടു കോടി രൂപ മുടക്കി എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിലാണ് റാണ കപൂർ ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2020 മാർച്ചിൽ അറസ്റ്റിലായ റാണ കപൂർ, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മുൻ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ നിർബന്ധപ്രകാരമാണ് പെയിന്റിംഗ് വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയിൽനിന്ന് പെയിന്റിംഗ് വാങ്ങിയില്ലെങ്കിൽ ഗാന്ധി കുടുംബവുമായി നല്ല ബന്ധം സ്ഥാപിക്കാനാകില്ലെന്ന് ദേവ്റ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റാണ കപൂർ പറഞ്ഞു. ഇതോടൊപ്പം, പത്മഭൂഷൺ കിട്ടാനുള്ള വഴിയടയുമെന്ന് ദേവ്റ പറഞ്ഞതായും റാണ കപൂർ കൂട്ടിച്ചേർത്തു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് റാണ കപൂർ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ തുടങ്ങിയവർക്കെതിരെ ഇഡി പ്രത്യേക കോടതിയിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലാണ് റാണ കപൂറിന്റെ മൊഴി വ്യക്തമാക്കിയിട്ടുള്ളത്. രണ്ടു കോടിയുടെ ചെക്ക് നൽകിയാണ് പെയിന്റിംഗ് വാങ്ങിയതെന്നും പെയിന്റിംഗിനായി താൻ നൽകിയ പണം, ഗാന്ധി കുടുംബം സോണിയാ ഗാന്ധിയുടെ ചികിത്സയ്ക്കായി ചെലവഴിച്ചെന്നും കപൂർ പറഞ്ഞു.
അത്യാവശ്യ ഘട്ടത്തിൽ നൽകുന്ന ഈ സഹായവും പിന്തുണയും, പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബം ഓർക്കുമെന്ന് സോണിയയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലും ഉറപ്പ് നൽകിയിരുന്നതായി റാണ കപൂർ പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധിയിൽനിന്ന് പെയിന്റിംഗ് വാങ്ങാനുള്ള ഓഫർ നിരസിച്ചാൽ, അതിന്റെ പ്രത്യാഘാതങ്ങൾ താനും യെസ് ബാങ്കും അനുഭവിക്കേണ്ടി വരുമെന്ന് മുരളി ദേവ്റ മുന്നറിയിപ്പ് നൽകിയിരുന്നതായും റാണ കപൂർ വ്യക്തമാക്കി.
Post Your Comments