സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾക്ക് ലൈനപ്പായി. ക്വാര്‍ട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി സ്പാനിഷ് ലീഗ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനും താരതമ്യേന കുഞ്ഞന്‍ എതിരാളികളെയാണ് ലഭിച്ചത്.
ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെയും ബയേണ്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ നേരിടും. ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യപാദ മത്സരങ്ങള്‍. ബയേണിനും ലിവര്‍പൂളിനും അത്‌ലറ്റികോയ്ക്കും റയലിനും ആദ്യം എവേ മത്സരങ്ങളാണ്. കഴിഞ്ഞ തവണ സെമയില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഫൈനലിൽ കടന്നത്.
ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. ഇതിന് പകരം ചോദിക്കാനാവും ചെൽസിയുടെ തട്ടകത്തിൽ റയൽ ഇറങ്ങുക. ഇത്തവണ ശക്തരായ പിഎസ്ജിയെ 3-2ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലെത്തിയത്. ചെല്‍സി ഇരുപാദങ്ങളിലുമായി ഫ്രഞ്ച് ക്ലബ് ലില്ലയെ തോല്‍പ്പിച്ചു.
Read Also:- സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി!
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. സ്‌പോര്‍ട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. അത്‌ലറ്റികോ ഇരുപാദങ്ങളിലുമായി 1-2ന് യുണൈറ്റഡിനെ പരാജയപ്പെടുത്തി.
Post Your Comments