മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പർ സൺഡേ പോരാട്ടത്തിൽ ലിവര്‍പൂൾ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലിവര്‍പൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ രാത്രി 9 മണിക്കാണ് മത്സരം. ചെൽസിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും.
സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാകും ശ്രമം. സിറ്റിയെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടിയായിരുന്നു ലിവര്‍പൂൾ സീസൺ ആരംഭിച്ചത്. എന്നാൽ, പ്രീമിയര്‍ ലീഗിൽ തുടരെ തിരിച്ചടി നേരിട്ടു. രണ്ട് ജയം മാത്രമുള്ള ചെമ്പട പതിനൊന്നാം സ്ഥാനത്താണിപ്പോൾ.
സിറ്റിയെ കീഴടക്കി വൻ തിരിച്ചുവരവാണ് ക്ലോപ്പിന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം. പരിക്കും താരങ്ങളുടെ മോശം ഫോമുമാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ക്ലബ് വിട്ട സാദിയോ മാനെയുടെ വിടവ് നികത്താൻ ഇതുവരെ ലിവർപൂളിനായിട്ടില്ല. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കാകട്ടെ 9 കളികളിൽ നിന്ന് അടിച്ചു കൂട്ടിയത് 33 ഗോളുകളാണ്. ഇതിൽ 15 ഗോളും എര്‍ലിംഗ് ഹാലണ്ടിന്‍റെ വകയായിരുന്നു.
Read Also:- കൊച്ചിയിലെ അമ്മയുടേയും കുഞ്ഞിന്റേയും തിരോധാനം പ്രത്യേക അന്വേഷണത്തിന്
6 ഗോളുമായി കൂട്ടിന് ഫിൽ ഫോഡനുമുണ്ട്. കെവിൻ ഡിബ്രുയൻ, ഗുണ്ടോഗൻ, സിൽവ തുടങ്ങിയ താരങ്ങളും ഫോമിലാണ്. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ക്ലബ് തലത്തിൽ 700 ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഇന്ന് ആദ്യ ഇലവനിൽ മടങ്ങിയെത്തിയേക്കും. മറ്റൊരു മത്സരത്തില്‍ ചെൽസി, ആസ്റ്റണ്‍ വില്ലയെ നേരിടും. രണ്ട് മത്സരങ്ങളും വൈകീട്ട് 6.30നാണ്.
Post Your Comments