മാഡ്രിഡ്: പ്രീമിയര്‍ ലീഗിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ഗോൾ വേട്ട തുടർന്ന് എര്‍ലിംഗ് ഹാളണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയും. എതിരില്ലാത്ത അഞ്ച് ഗോളിനാണ് കോപ്പൻഹേഗനെ സിറ്റി തോൽപ്പിച്ചത്. ഹാളണ്ട് ഇരട്ടഗോൾ നേടി. റിയാദ് മെഹറെസ്, ജൂലിയൻ അൽവാരസ് എന്നിവരും ഗോൾ പട്ടികയിൽ ഇടം പിടിച്ചപ്പോൾ കോപ്പൻഹേഗൻ ഒരു ഗോൾ സെൽഫ് ഗോളും വഴങ്ങി.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ വമ്പൻമാരുടെ പോരിൽ എസി മിലാനെ തകര്‍ത്ത് ചെൽസി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസിയുടെ ജയം. വെസ്‍ലി ഫോഫാന, ഔബമയോങ്, റീസെ ജെയിംസ് എന്നിവരാണ് ഗോളുകൾ നേടിയത്. അതേസമയം, ശക്തരായ പിഎസ്‌ജിക്ക് സമനിലക്കുരുക്ക്.
ബെൻഫിക്കയാണ് ഫ്രഞ്ച് കരുത്തന്മാരെ 1-1ന് പിടിച്ചുകെട്ടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും ഗോളിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. 41-ാം മിനിറ്റിൽ ഡാനിയാലോയുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി. പിന്നീട് മെസി, നെയ്മര്‍, എംബപ്പെ ത്രയം കിണഞ്ഞ് ശ്രമിച്ചിട്ടും വിജയ ഗോൾ നേടാനായില്ല.
അതേസമയം റയൽ മാഡ്രിഡ് മൂന്നാം ജയം സ്വന്തമാക്കി. ഷാക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയൽ തോൽപ്പിച്ചത്. റോഡ്രിഗോ, വിനീഷ്യസ് എന്നിവരുടെ വകയായിരുന്നു റയലിന്‍റെ ഗോളുകൾ. ഗ്രൂപ്പിൽ മൂന്ന് ജയത്തോടെ 9 പോയിന്‍റാണ് റയലിനുള്ളത്. യുവന്‍റസും സീസണിലെ ആദ്യ ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളിന് മക്കാബി ഹൈഫക്കെതിരെയാണ് യുവന്‍റസിന്റെ ജയം.
അഡ്രിയാൻ റാബിയോ ഇരട്ട ഗോൾ നേടിയപ്പോൾ, ഒരു ഗോൾ ഡ്യൂസൻ വ്ലാഹോവിച്ചിന്‍റെ വകയായിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടും വമ്പൻ ജയം സ്വന്തമാക്കി. സെവിയയെ ഒന്നിനെതിരെ നാല് ഗോളിനാണ് ബൊറൂസിയ തോൽപ്പിച്ചത്. റാഫേൽ ഗുറൈറോ, ജ്യൂഡ് ബെല്ലിങ്ഹാം, കരീം അദൈമി, ജൂലിയൻ ബ്രാൻഡറ്റ് എന്നിവരാണ് ബൊറൂസിയയുടെ സ്കോറര്‍മാർ.
Post Your Comments