മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലീഗിലെ ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ ഇറങ്ങുക. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.
ഇന്ന് ജയിച്ച് പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്താനാകും യുണൈറ്റഡിന്റെ ശ്രമം. ശക്തരായ ടോട്ടനത്തെ സ്വന്തം മണ്ണിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എറിക് ടെന്‍ ഹാഗും സംഘവും എത്തുന്നത്. ബ്രന്‍റ്ഫോർഡിനോട് സമനില വഴങ്ങിയ നിരാശ മാറ്റുകയാണ് ചെൽസിയുടെ ലക്ഷ്യം.
അച്ചടക്ക ലംഘനത്തിന് ടീമിന് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുണൈറ്റഡ് ചെൽസിക്കെതിരെയിറങ്ങുന്നത്. പരിക്ക് മാറിയ ആന്‍റണി മാർഷ്യൽ, വാൻബിസാക എന്നിവർ ടീമിലേക്ക് മടങ്ങിയെത്തും. അതേസമയം, പരിക്കാണ് ചെൽസി കോച്ച് ഗ്രഹാംപോട്ടർ നേരിടുന്ന പ്രധാന വെല്ലുവിളി. എൻഗോളോ കാന്‍റെ, റീസ് ജയിംസ്, ഫൊഫാന എന്നിവർ ടീമിന് പുറത്താണ്.
Read Also:- ഇലന്തൂർ നരബലി: ആർഎസ്എസിനെതിരെ മന്ത്രി ആർ ബിന്ദുവിന്റെ വിചിത്ര വാദം
തിയാഗോ സിൽവയും ഹക്കിം സിയെച്ചും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. അവസാന 9 പ്രീമിയർ ലീഗ് മത്സരങ്ങളിലും ചെൽസിയോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം യുണൈറ്റഡിന് കരുത്തായേക്കും. പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ബ്രൈറ്റനാണ് എതിരാളികൾ. സിറ്റിയുടെ തട്ടകത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ സിറ്റിക്ക് വിജയ വഴിയിൽ തിരിച്ചെത്തുക പ്രധാനമാണ്.
മികച്ച ഫോമിലുള്ള എർലിംഗ് ഹലാണ്ടിനെ തടയുക ബ്രൈറ്റന് എളുപ്പമാകില്ല. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ലിവർപൂളിന് എവെ മത്സരത്തിൽ അവസാന സ്ഥാനക്കാരായ നോട്ടിംങ്ഹാം ഫോറസ്റ്റാണ് എതിരാളികൾ. എവർട്ടന് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ.
Post Your Comments