മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിൽ നടത്തിയ തിരിച്ചു വരവിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് നേടിയ കരീം ബെന്‍സേമയാണ് റയലിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചത്.
34-ാം മിനുട്ടിൽ എംബാപ്പെ പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. പിന്നാലെ 39-ാം മിനിട്ടിൽ എംബാപ്പെ വീണ്ടും റയലിന്റെ വല കുലുക്കി. നെയ്മറായിരുന്നു ഗോളിനുള്ള വഴിയൊരുക്കിയത്. എന്നാൽ, മത്സരത്തിന്റെ രണ്ടാം പകുതിയിലെ 60-ാം മിനിട്ടിൽ ബെൻസേമ പിഎസ്ജിയുടെ വലകുലുക്കി സ്‌കോർ 1-1. മികച്ച പന്തടക്കത്തോടെ കളിച്ച റയൽ 76-ാം മിനിട്ടിൽ പിഎസ്ജിയുടെ നെഞ്ച് തുളച്ച് ബെൻസേമ രണ്ടാം ഗോളും നേടി.
Read Also:- ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ മികച്ച താരം: ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും
പിഎസ്ജിയുടെ ക്വാര്‍ട്ടർ പ്രതീക്ഷകൾ തകർത്ത് സെക്കന്റുകൾക്കകം ബെൻസേമ ഹാട്രിക്കും പൂർത്തിയാക്കി. 78-ാം മിനിട്ടിലായിരുന്നു ബെൻസേമ മൂന്നാം ഗോൾ നേടിയത്. അഗ്രിഗേറ്റിൽ 3-2ന് റയൽ മാഡ്രിഡ് മുന്നിൽ. ബെൻസേമയുടെ തകർപ്പൻ ഹാട്രിക്കിന്റെ ഞെട്ടലിൽ നിന്ന് തിരികെ വരാൻ പിന്നീട് പിഎസ്ജിക്കായില്ല. മെസിയെ ടീമിലെത്തിച്ചിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലെത്താനായില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.
Post Your Comments