മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, ചെല്‍സി തുടങ്ങിയ വമ്പൻ ടീമുകൾ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ബൊറൂസിയ ഡോർട്ട്മുണ്ടാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മ്മന്‍ ക്ലബ് ആര്‍ ബി ലൈപ്‌സിഷാണ് എതിരാളികള്‍. റയലിന്റെ തട്ടകത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. പരിക്കേറ്റ കരീം ബെന്‍സേമയുടെ അഭാവത്തില്‍ ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരിലാണ് റയലിന്റെ പ്രതീക്ഷ.
മധ്യനിരയില്‍ മോഡ്രിച്ച്, ചുവാമെനി, ക്രൂസ് ത്രയത്തിന്റെ പ്രകടനവും നിര്‍ണായകമാവും. ഷക്താറിനോട് തോറ്റ ലൈപ്‌സിഷിന് ഇന്ന് ജയിക്കാൻ തന്നെയാകും ലക്ഷ്യം. തകർപ്പൻ ഫോമിലുള്ള പിഎസ്ജിയെ തടയുകയാണ് മക്കാബി ഹൈഫയുടെ വെല്ലുവിളി. അതേസമയം, പുതിയ കോച്ച് ഗ്രഹാം പോട്ടറിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ചെല്‍സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടുക ഓസ്ട്രിയന്‍ ക്ലബ് ആര്‍ ബി സാല്‍സ്ബര്‍ഗിനെയാണ്.
Read Also:- ‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഡൈനമോ സാഗ്രബിനോട് തോറ്റതോടെയാണ് ചെല്‍സി കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയത്. ഡൈനമോ സാഗ്രബ് രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ എസി മിലാനുമായി ഏറ്റുമുട്ടും. തോറ്റ് തുടങ്ങിയ യുവന്റസിന്റെ എതിരാളികള്‍ ബെന്‍ഫിക്കയാണ്. ഷക്താര്‍ ഡോണിയസ്‌കിന് സെല്‍റ്റിക്കും ലിവര്‍പൂളിനെ തകര്‍ത്ത നാപ്പോളിക്ക് റേഞ്ചേഴ്‌സും സെവിയക്ക് എഫ് സി കോപ്പന്‍ ഹേഗനുമാണ് എതിരാളികള്‍.
Post Your Comments