മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി, യുവന്‍റസ് എന്നീ ടീമുകൾ മൂന്നാം അങ്കത്തിനിറങ്ങും. ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാത മുന്നേറുന്ന പിഎസ്‌ജി മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ബെൻഫിക്കയാണ് പിഎസ്‌ജിയുടെ എതിരാളികൾ. ലയണൽ മെസി, നെയ്‌മർ, കിലിയന്‍ എംബപ്പെ ത്രയത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷ.
പരിക്ക് കാരണം മാർക്കോ വെരാറ്റി, കിംബംപെ, റെനാറ്റോ സാഞ്ചസ് എന്നിവർ പിഎസ്‌ജി നിരയിലുണ്ടാകില്ല. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ബെൻഫിക്കയും ഗ്രൂപ്പിലെ കരുത്തരെ നേരിടാനിറങ്ങുന്നത്. സ്വന്തം മൈതാനത്താണ് മത്സരമെന്നത് ബെൻഫിക്കയ്ക്ക് പോരാട്ടത്തിന് മുമ്പ് ആശ്വാസമാണ്.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് യുക്രെയ്ൻ ക്ലബായ ഷാക്തറിനെ നേരിടും. തുടർച്ചയായ മൂന്നാം സീസണിലാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ കളിക്കുന്നത്. ലാലിഗയിൽ സമനില വഴങ്ങി രണ്ടാം സ്ഥാനത്തേക്ക് വീണ റയലിന് വിജയവഴിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. സാന്‍റിയാഗോ ബെർണബ്യൂവിൽ ഷാക്തറിന് കാര്യങ്ങൾ എളുപ്പമാകില്ലെങ്കിലും 2020 സീസണിൽ രണ്ട് മത്സരങ്ങളിലും റയലിനെ വീഴ്ത്തിയ ചരിത്രം ടീമിന് പ്രതീക്ഷ നൽകും.
മറ്റൊരു മത്സരത്തില്‍ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി ഇന്ന് ഇറ്റാലിയൻ കരുത്തരായ എസി മിലാനെ നേരിടും. സീസണിൽ ഒരു ജയം പോലുമില്ലാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള ചെൽസിക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കരുത്ത് കാട്ടി മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കോപ്പൻഹേഗനാണ് മൂന്നാം റൗണ്ടിലെ എതിരാളികൾ.
Read Also:- മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില എളുപ്പ വഴികൾ ഇതാ!
സീരി എ മുൻ ചാമ്പ്യന്മാരായ യുവന്‍റസ് ഇസ്രായേൽ ടീം മക്കാബി ഹൈഫയെ നേരിടും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30നാണ്. മറ്റ് മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സെവിയ്യയെയും ആർബി ലെയ്പ്സിഗ്, സെൽറ്റിക്കിനെയും ആർബി സാൽസ്ബെർഗ് ഡൈനാമോ സാഗ്രബിനെയും നേരിടും.
Post Your Comments