ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐസിസി പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളും. പുരുഷന്‍മാരില്‍ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരും വനിതകളില്‍ മിതാലി രാജും ദീപ്തി ശര്‍മയും ചുരുക്കപ്പട്ടികയില്‍ ഇടം നേടി. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് ഐറി, യുഎഇയുടെ കൗമാര താരം വ്രീത്യ അരവിന്ദ് എന്നിവരാണ് പുരുഷന്‍മാരില്‍ ശ്രേയസിന് പുറമെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് താരങ്ങള്‍.
വനിതകളില്‍ മിതാലിക്കും ദീപ്തിക്കുമൊപ്പം ന്യൂസിലന്‍ഡ് താരം അമേലിയ കെറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്. വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസും ടി 20യിൽ 16 പന്തില്‍ 25 റൺസും നേടിയ ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 204 റൺസുമായി ടോപ്സ്കോററായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ മിതാലി രാജിനെ ചുരുക്കപ്പട്ടികിയിലെത്തിച്ചത്. ഇന്ത്യന്‍ ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തിയ പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ചുറി അടക്കം 77.33 ശരാശശിയില്‍ മിതാലി 232 റണ്‍സടിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ഓള്‍ റൗണ്ട് പ്രകടനമാണ് ദീപ്തിയെ ചുരുക്കപ്പട്ടികയിലെത്തിച്ചത്. പരമ്പരയില്‍ ഇന്ത്യക്കായി 10 വിക്കറ്റ് എടുത്ത ദീപ്തി 116 റണ്‍സും നേടി.
Post Your Comments