Latest NewsNewsIndia

ഗവര്‍ണര്‍ തടഞ്ഞുവെച്ച ബില്ലുകള്‍ നിയമമാക്കി തമിഴ്നാട്ടിലെ ഡിഎംകെ ഭരണകൂടം : സർവകലാശാലകളും ഇനി സ്റ്റാലിൻ നിയന്ത്രിക്കും

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവെച്ചത് നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു

ചെന്നൈ : ഗവര്‍ണര്‍ തടഞ്ഞുവെച്ച ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാന നീക്കം. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്.

പത്തുബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. 2020-ൽ പാസാക്കിയ ഒരു ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ ആർ എൻ രവി അംഗീകാരം നൽകാതെ മാറ്റി വയ്ക്കുകയായിരുന്നു. ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്നാട് സർക്കാർ 2023-ലാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യ്തത്.

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവെച്ചത് നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്. അതില്‍ തടയിടുന്ന നിലപാട് ശരിയല്ല. രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും കഴിഞ്ഞ ഏപ്രിൽ 8ന് സുപ്രീം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ചിരുന്ന ബില്ലുകള്‍ ഇന്ന് രാവിലെയോടെയാണ് നിയമമായുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്തു ബില്ലുകള്‍ ആണ് നിയമം ആയത്. സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍ ഉണ്ട്.

ഇതോടെ തമിഴ്‌നാട്ടിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ബില്ല് നിയമമായതോടെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന നടപടികളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അധികാരം ഉപയോഗിച്ച് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി രജിസ്ട്രാര്‍മാരുടേയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button