കുവൈത്ത് സിറ്റി: കോവിഡ് മുന്നണിപ്പോരാളികൾക്ക് സമ്മാനവുമായി കുവൈത്ത്. കോവിഡ് മുന്നണി പോരാളികൾക്കായി കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകാൻ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാ പത്രവും ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെയാണു ആരോഗ്യ പ്രവർത്തകർ സർക്കാർ നൽകുന്നത്.
കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് കുവൈത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 60 കോടി രൂപയാണ് ഇതിനായി മാറ്റിയിരുത്തിയിട്ടുള്ളത്.
മാർച്ച് ഒന്നു മുതൽ കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുമെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. അരി, പഞ്ചസാര, ധാന്യങ്ങൾ, പാൽപ്പൊടി, പാചക എണ്ണ, തക്കാളി പേസ്റ്റ്, ചിക്കൻ എന്നിവ അടങ്ങിയ ഭക്ഷ്യോൽപന്ന കിറ്റുകൾ മാസത്തിൽ മുന്നണിപ്പോരാളികളുടെ വീടുകളിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ആനുകൂല്യം ലഭിക്കും. അർഹത പെട്ടവരുടെ പട്ടിക ഇരുമന്ത്രാലയങ്ങളിൽ നിന്നു ശേഖരിച്ച് വിതരണ കേന്ദ്രത്തിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.
Post Your Comments