
കൊളംബോ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയിൽ ലഭിച്ചത് വൻ സ്വീകരണം. കൊളംബോയിലെ ചരിത്രപ്രധാനമായ സ്വാതന്ത്ര്യ ചത്വരത്തിലാണ് അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകിയത്. ഒരു വിദേശ നേതാവിന് ആദ്യമായാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്.
സ്വാതന്ത്ര്യ ചത്വരത്തിൽ എത്തിയ പ്രധാനമന്ത്രിയെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഔദ്യോഗികമായി സ്വീകരിച്ചു. ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് ബാങ്കോക്കിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം ഏപ്രിൽ നാലിന് വൈകുന്നേരമാണ് പ്രധാനമന്ത്രി മോദി കൊളംബോയിൽ വിമാനമിറങ്ങിയത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊളംബോയിലെ സ്വാതന്ത്ര്യ സ്ക്വയറിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ ആചാരപരമായ സ്വീകരണത്തോടെ വരവേറ്റു,”- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. കൂടാതെ നമ്മുടെ ജനങ്ങളുടെ ഭാവിക്കും പരസ്പര അഭിവൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കാനിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഒരു വിദേശ നേതാവിന് ശ്രീലങ്കയുടെ സ്വാതന്ത്ര്യ ചത്വരത്തിൽ ഇത്തരമൊരു ഔദ്യോഗിക സ്വീകരണം നൽകുന്നത് ഇതാദ്യമാണെന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
Post Your Comments