തിരുവനന്തപുരം: വാവ സുരേഷിന് സിപിഎം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും പാർട്ടി വീട് നൽകുകയെന്നും മന്ത്രി പറഞ്ഞു. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി പാർട്ടി തീരുമാനം അറിയിച്ചത്.
ജനങ്ങളുടെ പ്രാർത്ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആയിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓർമ്മശക്തിയും സംസാരശേഷിയും പൂർണമായി തിരിച്ചുകിട്ടിയത്. ഇത് തന്റെ രണ്ടാം ജന്മമാണെന്നും, അവസരോചിതമായ എല്ലാവരുടെയും ഇടപെടൽ മൂലം ആണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.
അതേസമയം അപകടം പറ്റി കിടക്കുമ്പോള്‍ തനിക്കെതിരെ പലരും ക്യാംപെയ്ൻ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രീതിയും പൂർണമായി സുരക്ഷിതമല്ലെന്നും, പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പ് പിടുത്തക്കാരൻ ആയിരിക്കാനാണ് ആഗ്രഹമെന്നും വാവ പറഞ്ഞു.
Post Your Comments