തിരുവനന്തപുരം: പഠന ആവശ്യങ്ങൾക്കായി പാമ്പുകളിൽ നിന്നും താൻ മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിൻ്റെ വെളിപ്പെടുത്തൽ. പഠിക്കാൻ വേണ്ടിയാണ് ഈ കടികൾ താൻ വാങ്ങിയതെന്നും മുഴുവൻ കണക്കെടുത്താൽ ഏകദേശം നാലായിരത്തോളം കടികൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു. കൗമുദി ടിവിയുടെ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെെനിക സ്കൂളിലെ വിദ്യാർത്ഥികളുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 വർഷമായി താൻ പാമ്പ് പിടുത്തം നടത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഏകദേശം അൻപതിനായിരത്തിലധികം പാമ്പുകളെ താൻ പിടികൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. 231 രാജവെമ്പാലകളേയും താൻ പിടികൂടിയിട്ടുണ്ട്. ഇത്രയധികം രാജവെമ്പാലകളെ പിടികൂടിയ മറ്റൊരാൾ കേരളത്തിലില്ലെന്നും വാവ സുരേഷ് വിദ്യാർത്ഥികളോട് വ്യക്തമാക്കി. അതേസമയം അങ്ങനെയൊരാൾ കേരളത്തിന് വെളിയിലുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും വാവ സുരേഷ് പറഞ്ഞു.
‘കടി വാങ്ങിയ കാര്യത്തിലും ഞാൻ മുന്നിലാണ്. ഏകദേശം നാലായിരത്തിലധികം കടികൾ ഞാൻ പാമ്പുകളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതിൽ കുറച്ചു കടികൾ സ്വന്തമായി മനഃപൂർവ്വം വാങ്ങിയതാണ്. ശരീരത്തിലെ ചർമ്മം തുളച്ച് അകത്തു പോകാത്ത രീതിയിൽ സംഭവിക്കുന്ന ചില കടികളുണ്ട്. അത്തരത്തിലുള്ള നിരവധി കടികൾ താൻ കരുതിക്കൂട്ടി വാങ്ങിയിട്ടുണ്ട്. പഠനത്തിനു വേണ്ടിയാണ്. ഈ കടികൾ താൻ വാങ്ങിയത്. മറ്റൊരാളിൽ നമുക്ക് പഠിക്കാൻ കഴിയില്ല. പഠിക്കണമെങ്കിൽത്തന്നെ അയാളുടെ അനുവാദം വേണം. എന്നാൽ ഒരാൾക്ക് സ്വയം പഠിക്കാം. അതിന് ആരുടെയും അനുവാദം വേണ്ട. രാജവെമ്പാലയുടെ ആദ്യ പേര് കൃഷ്ണ സർപ്പമെന്നാണ്’, വാവ സുരേഷ് പറയുന്നു.
Post Your Comments