Latest NewsNewsIndia

‘ഹിന്ദു മതത്തെ ഐ.എസിനോട് താരതമ്യം ചെയ്തു’: സൽമാൻ ഖുർഷിദിന് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. സൽമാൻ ഖുർഷിദിയുടെ ‘സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് കോടതി പോലീസിനോട് നിർദേശിച്ചത്.

ഖുർഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളിൽ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തിരുന്നു. ഇത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) CrPC പ്രകാരം) ഹർജി നൽകിയിരുന്നു. പരാതിക്കാരന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം.

Also Read:ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ലഖ്‌നൗവിലെ ബക്ഷി കാ തലാബ് പൊലീസ് സ്റ്റേഷൻ ഇൻചാർജിനോട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പാക്കാനും നിർദ്ദേശിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

അപേക്ഷയും അതിനെ പിന്തുണയ്‌ക്കുന്ന വാദങ്ങളും പരിശോധിച്ചതിൽ നിന്ന്, സൽമാൻ ഖുർഷിദിനെതിരെ കുറ്റകൃത്യങ്ങൾ ഉണ്ടെന്നാണ് എന്റെ അഭിപ്രായമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിൽ പറഞ്ഞു, പുസ്തകത്തിലെ ചില ഭാഗങ്ങൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അപേക്ഷകൻ ആരോപിച്ചു. കോൺഗ്രസ് നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്‌റ്റേഷനിൽ അപേക്ഷ നൽകിയെങ്കിലും പോലീസ് അത് ചെയ്തില്ലെന്നും അതിനാലാണ് കോടതിയിൽ നേരിട്ട് ഹർജി നൽകിയതെന്നുമായിരുന്നു പരാതിക്കാരന്റെ വിശദീകരണം.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് എഴുതിയ ‘സൺറൈസ് ഓവർ അയോദ്ധ്യ’ എന്ന പുസ്തകത്തിന്റെ കൂടുതൽ പ്രസിദ്ധീകരണ/പ്രചാരണത്തിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button