മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ഛത്രപതി സംഭാജി നഗറിൽ നിന്നും എൻഐഎ സംഘമാണ് ഭീകരനെ പിടികൂടിയത്. ഐഎസ് ഭീകരനായിരുന്ന മുഹമ്മദ് സൊഹെബ് ഖാനാണ് പിടിയിലായത്. ഛത്രപതി സംഭാജി നഗറിലെ 9 ഇടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ഒരാൾ കൂടി പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിരുന്നതായി പിടിയിലായ ഭീകരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഭീകര സംഘടനകളുമായി ഐഎസിന് അടുത്ത ബന്ധമുണ്ടെന്നും, അവരുടെ നിർദ്ദേശപ്രകാരം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വീഡിയോകളും മറ്റു തെളിവുകളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഐഎസ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും, ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് എൻഐഎ ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതിനായി ഭീകരർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഗ്രൂപ്പുകൾ രൂപീകരിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.
Also Read: ഐഐടി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
Post Your Comments