KeralaNattuvarthaLatest NewsNewsIndia

സന്യാസം പ്രകൃതി വിരുദ്ധം, ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനം: കുറിപ്പ്

മഠങ്ങളിൽ മീ ടൂ ക്യാമ്പുകൾക്ക് അവസരമുണ്ടാവണം, അമ്മയാകാനുള്ള അവകാശം ഹനിച്ചതിന് കത്തോലിക്കാ സഭ മറുപടി പറയണം

തിരുവനന്തപുരം: സന്യാസം പ്രകൃതി വിരുദ്ധമാണെന്ന് പറഞ്ഞ യുവാവിന്റെ ഫേസ്ബുക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരേഷ് ജോസഫ് അർത്തുങ്കൽ എന്നയാളാണ് സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്രിസ്തുവിന് മണവാട്ടിയെ വേണം എന്ന് ക്രിസ്തു പറഞ്ഞിട്ടില്ലെന്നും മണവാട്ടി എന്ന് വചനം വിഭാവനം ചെയ്യുന്നത് ‘സഭ’ എന്ന മണവാട്ടിയെയാണെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:മിസൈൽ പ്രതിരോധ സംവിധാനവുമായി ഇന്ത്യയും റഷ്യയും: ഹെലിക്കോപ്റ്റർ അപകടത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ചൈനീസ് മാധ്യമം

‘മഠങ്ങളുടെ കരിനിയമ തടവറയിൽ പീഡിപ്പിച്ചുകൊണ്ട്‌, അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൗലീക അവകാശം നിഷേധിച്ചതിന് അവസാന ന്യായവിധിനാളിൽ കത്തോലിക്കാസഭ മറുപടി പറയേണ്ടിവരും. വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും അന്ന് സഭാ നേതൃത്വത്തോട് പകരം ചോദിക്കും’, കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല. കന്യാസ്ത്രി ആയിരിക്കാൻ ആജീവനാന്ദ ബ്രഹ്മചര്യം നിര്‍ബന്ധമായിരിക്കെ പതിനാലുവയസ്സുപോലും തികയാത്ത, പക്വതയെത്താത്ത പ്രായത്തിൽ നമ്മുടെ കുഞ്ഞു സഹോദരികൾക്കായി “ദൈവവിളി ക്യാമ്പ്” എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്.

മഠത്തില്‍ ചേര്‍ന്നശേഷം പക്വത എത്തുമ്പോള്‍ മഠങ്ങളിലെ അനീതികൾക്കും, കാലഘട്ടത്തിന് നിരക്കാത്ത കാലഹരണപ്പെട്ട നിയമങ്ങൾക്കുമെതിരെ സഭാവസ്ത്രം അഴിച്ചുവെച്ചോ, അല്ലാതെയോ പ്രതികരിക്കാനും സമൂഹത്തിന്‍റെ മുന്നിലെക്കിറങ്ങുവാനും ചുരുക്കം ചില സി. ജെസ്മിമാരോ, മേരിചാണ്ടിമാരോ, സി. ലൂസിമാരോ മാത്രമേ തയ്യാറാവുകയുള്ളൂ.

അതിനാല്‍ 22 വയസ്സെങ്കിലും ആവാതെ ഗൗരവമുള്ള ഇത്തരം തിരഞ്ഞെടുപ്പുകള്‍ സഭയില്‍ നടക്കരുത്. നിയമം മൂലം ഇത് നിയന്ത്രിക്കപ്പെടണം. കന്യാസ്ത്രിയാകണം എന്ന തീഷ്ണമായ ആഗ്രഹത്താൽ മഠങ്ങളിൽ എത്തപ്പെടുന്നവർ വളരെ വിരളമാണ്. പകരം, നമ്മുടെ കുടുംബങ്ങളിൽ പെൺമക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ, സ്ത്രീധനം നൽകി വിവാഹം ചെയ്തയക്കാൻ ഭൗതീക സാഹചര്യമില്ലാതിരുന്ന മുൻ കാലഘട്ടങ്ങളിലാണ് “നേർച്ച” എന്ന ഓമനപ്പേരിൽ മഠങ്ങളിലേക്ക് മനസ്സില്ലാ മനസ്സോടെ നമ്മുടെ സഹോദരിമാരെ പറഞ്ഞയച്ചിരുന്നത്. ആ സാഹചര്യമൊക്കെ മാറി. ഇനിയെങ്കിലും നാം പുനർവിചിന്തനം ചെയ്യുക.

കേരളത്തിലെ എല്ലാ മഠങ്ങളിലും, സെമിനാരികളിലും കിണറുകളുണ്ട്. എന്നാൽ സെമിനാരികളിലെ പുരുഷ കേസരികളായ വൈദീക വിദ്യാർത്ഥികളോ, പള്ളിമേടകളിലെ പുരോഹിതരോ കിണറിൽ ചാടിയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചോ ആത്മഹത്യ ചെയ്തു കാണുന്നില്ല. മഠങ്ങളിലെ കിണറുകൾ മൂടപ്പെടണം. മാനസീക വെല്ലുവിളികൾ നേരിടുമ്പോൾ അവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയണം. വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ അവർക്കായി തുറന്നു നൽകണം. മഠങ്ങളിൽ Me too ക്യാമ്പുകൾക്ക് അവസരമുണ്ടാവണം.

ഭരണഘടന വിഭാവനം ചെയ്യുന്ന സഞ്ചാര സ്വതന്ത്ര്യത്തിന് ഇരുചക്രവാഹനം വാങ്ങണമെങ്കിൽ, സർഗ്ഗ വാസനയുടെ ഭാഗമായി ഒരു കവിതയോ, കഥയോ പ്രസിദ്ധീകരിക്കണമെങ്കിൽ, സഭാവസ്ത്രമൊഴികെ മറ്റു വസ്ത്രങ്ങൾ ഉപയോഗിക്കണമെങ്കിൽക്കൂടി കന്യാസ്ത്രിക്ക് അനുവാദം വേണം.

ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യവൃതം ഇന്നും മാറ്റമില്ലാതെ തുടരുന്നു. അതേ സമയം സഭാദ്ധ്യക്ഷന്മാർക്ക്, പുരോഹിതർക്ക് ആഡംബര വാഹനമാകാം, കഥയോ കവിതയോ എഴുതാം, സോഷ്യൽ മീഡിയയിൽ അംഗമാകാം, സഭാ ശിശ്രൂഷകൾക്ക് ശേഷം ടീ ഷർട്ടും, ജീൻസും ബർമുഡയും വരെ, ഉപയോഗിക്കുകയുമാവാം. ഇത് കന്യാസ്ത്രികളോടുള്ള അനീതിയാണ്. സഭയ്ക്കുള്ളിലും നവീകരണവും നവോത്ഥാനവും ഉണ്ടാവണം.

സന്യാസം പ്രകൃതി വിരുദ്ധമാണ്. സഭയുടെ കാരണവരായ പത്രോസ് വിവാഹിതനായിരുന്നു. തൻ്റെ ജനത്തെ നയിക്കാനായി തിരഞ്ഞെടുക്കപ്പെട്ട മോശയും വിവാഹിതനായിരുന്നു. AD 1079 ൽ ഗ്രിഗറി ഏഴാമൻ പോപ്പ് നിർബന്ധിത ബ്രഹ്മചര്യം നിയമമാക്കുന്നത് വരെ പുരോഹിതർ ഒന്നും, അതിലധികവും വിവാഹം ചെയ്തിരുന്നു. ശേഷം ചരിത്രത്തിൽ, ലൈംഗീക പീഡനങ്ങൾക്ക് ലോകത്തിൽ വെച്ച് ഏറ്റവും അധികം നഷ്ടപരിഹാരം നൽകിക്കൊണ്ടിരിക്കുന്നത് കത്തോലിക്ക സഭയാണ്.

ക്രിസ്തുവിന് മണവാട്ടിയെ വേണം എന്ന് ക്രിസ്തു പറഞ്ഞിട്ടില്ല. മണവാട്ടി എന്ന് വചനം വിഭാവനം ചെയ്യുന്നത് “സഭ” എന്ന മണവാട്ടിയെയാണ്. കോടാനുകോടി കന്യകകളെയാണ് ക്രിസ്തുവിന്‍റെ പേരുപറഞ്ഞ് കുടുംബത്തിൽ നിന്നും അടർത്തിമാറ്റി അവിവാഹിതകളാക്കി “കര്‍ത്താവിന്‍റെ മണവാട്ടി” എന്നൊരു പുണ്യനാമവും ചാർത്തി, സഭയുടെ സാമ്പത്തീക വളര്‍ച്ചക്കും, വിദേശ നാണ്യത്തിനും വേണ്ടി കൂലിയില്ലാവേല ചെയ്യിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button