തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി എം സ്വരാജ്. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ലെന്നും, ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ലെന്നും എം സ്വരാജ് പറഞ്ഞു. തന്റെ പേരിലും തന്റെ ആരാധകരെന്ന പേരിലും നിർമ്മിച്ചിട്ടുള്ള ഗ്രൂപ്പുകളിലും മറ്റും നടത്തിവരുന്ന വിവാദപരമായ പരാമർശങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും, ഫാൻ സംസ്കാരത്തിന്റെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
‘എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ, എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല’, എം സ്വരാജ് ചൂണ്ടിക്കാണിച്ചു.
‘വല്ലപ്പോഴും എം സ്വരാജ് എന്ന വെരിഫൈഡ് ഫേസ്ബുക് പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.
എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു’, എം സ്വരാജ് വ്യക്തമാക്കി.
Post Your Comments