കാസറഗോഡ്: വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കാസര്‍കോട് ഗവ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം. രമ. മുഹമ്മദ് സാബീര്‍ സനത് എന്ന വിദ്യാര്‍ഥി അപ്രതീക്ഷിതമായി എന്നെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ കൈ ഉയര്‍ത്തിയെന്നും എംഎസ്എഫ് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:അനധികൃത എഴുത്ത് ലോട്ടറി നടത്തൽ : രണ്ടുപേർ പിടിയിൽ
‘അപകീര്‍ത്തികരമായ വിധത്തില്‍ വീഡിയോയും വാര്‍ത്തകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ മോശമായ കമന്‍റുകളോടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെയും നടപടികളുണ്ടാകും. ക്യാമ്പസില്‍ സര്‍ക്കാറിന്‍റെ കോവിഡ് പ്രോട്ടോക്കോള്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും പാലിക്കാന്‍ തയ്യാറാവുന്നുണ്ട്. അതിനു കൂട്ടാക്കാത്ത വിദ്യാര്‍ഥികളെ ഉത്തരവാദപ്പെട്ട പ്രിന്‍സിപ്പല്‍ എന്ന നിലക്ക് ശാസിച്ചിട്ടുണ്ട് എന്നാല്‍, മാസ്ക് അണിഞ്ഞു കൂട്ടംകൂടാതെ നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ മുഹമ്മദ് സാബീര്‍ സനത് എന്ന വിദ്യാര്‍ഥി അപ്രതീക്ഷിതമായി എന്നെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ കൈ ഉയര്‍ത്തി വരികയാണുണ്ടായത്’, രമ പറഞ്ഞു.
‘പൊലീസ് ഇടപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് വിദ്യാര്‍ഥിയെ പിഴയടപ്പിച്ചു. അതിനു ശേഷം വിദ്യാര്‍ഥി സ്വമേധയാ വന്ന് ക്രിമിനല്‍ കേസ് എടുത്താല്‍ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്ന് പറഞ്ഞ് കുനിഞ്ഞു നിന്ന് മാപ്പ് പറഞ്ഞു. അത് അന്നവിടെ അവസാനിച്ചതായിരുന്നു. അത് ഒരു അടവായിരുന്നു എന്നത് ഇപ്പോഴാണറിയുന്നത്. മാപ്പ് പറയുന്നതിന്‍റേതാണെന്ന പേരില്‍ ഇപ്പോള്‍ ഒരു വ്യാജ ഫോട്ടോയും പ്രചരിപ്പിക്കുന്നു. ഞാന്‍ വിദ്യാര്‍ഥിയോട് കാല്‍പിടിച്ച് മാപ്പുപറയാന്‍ പറഞ്ഞുവെന്നും അതിനു നിര്‍ബദ്ധിച്ചുവെന്നും പറയുന്നത് പച്ചക്കള്ളമാണ്’, പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
‘കോളജിലെ എല്ലാ വിദ്യാര്‍ഥി സംഘടനകളോടും ഒരേ സമീപനമാണ് പ്രിന്‍സിപ്പല്‍ എന്ന നിലക്ക് സ്വീകരിക്കുന്നത്. നവാഗതരായ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന് എല്ലാ വിദ്യാര്‍ഥി സംഘടനകളും ക്യാമ്പസില്‍ കൊടികളും തോരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാല്‍, കോളജില്‍ ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ എം.എസ്.എഫ്. സംഘടന അവരുടെ കൊടിയും തോരണങ്ങളൂം കെട്ടിയത് എടുത്തുമാറ്റാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടമായിട്ടില്ല. അതിന്‍റെ പേരില്‍ നേതാക്കള്‍ തനിക്കെതിരെ നേരിട്ട് നിരന്തരം ഭീഷണി മുഴക്കുകയുണ്ടായി.
എന്നെ കോളജില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിര്‍ത്തില്ലയെന്നും നാട്ടില്‍ ജോലിയെടുത്തു കഴിയാന്‍ വിടില്ലയെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. അതിനു വേണ്ടികെട്ടിച്ചമച്ച അസത്യ കഥകള്‍ പ്രചരിപ്പിക്കുകയാണ്. പര്‍ദ്ദ ധരിച്ച് വരുന്ന പെണ്‍കുട്ടികളെയും ഉയരം കുറഞ്ഞ കുട്ടിയെയും ആക്ഷേപിച്ചുവെന്ന് പറയുന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇതില്‍ സാമൂദായിക വികാരം വളര്‍ത്തിക്കൊണ്ടു വരുവാനുള്ള നീചമായ ശ്രമമാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിച്ച് എം.എസ്.എഫ്. നേതാവ് നടത്തുന്നതെന്ന് ആര്‍ക്കും മനസിലാകും’, രമ വ്യക്തമാക്കി.
‘മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചു മാത്രം ക്യാമ്പസില്‍ പെരുമാറണമെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോള്‍ അങ്ങനെയല്ലാതെ തികച്ചും അസ്വാഭാവികമായി കണ്ട വിദ്യാര്‍ഥികളെ ശാസിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പടരുന്ന ഈ സന്ദര്‍ഭത്തില്‍ അതല്ലാതെ പറ്റില്ല. കോവിഡ് കാലത്ത് ഏതു കോളജ് ക്യാമ്പസിലാണ് ഏതു പ്രിന്‍സിപ്പലാണ് അത്തരം കാര്യങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്നറിയില്ല. ഇരുപതു വര്‍ഷത്തിലധികമായി വിദ്യാര്‍ഥികളുടെയും കോളജിന്‍റെയും ക്ഷേമം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപികയായ എന്നെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും അപകീര്‍ത്തിയുണ്ടാക്കാനുള്ള ഈ ശ്രമം ദുരുപദിഷ്ടമാണ്.
അക്കാദമിക രംഗത്ത് അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ ഉയര്‍ന്ന ഗ്രേഡോടെ തല ഉയര്‍ത്തി നില്‍ക്കുന്ന കാസര്‍ക്കോട് ഗവ. കോളജിന്‍റെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അതിനെതിരെ പൊതു മനഃസാക്ഷി ഉണരണമെന്നും അഭ്യര്‍ഥിക്കുന്നു’, ഡോ. എം. രമ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Post Your Comments