തിരുവനന്തപുരം: ഇ.എം.എസ് സർക്കാരാണ് കേരളത്തെ അടിമുടി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവിയോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിലാണ് പ്രസ്താവന. കേരള പിറവിക്കുശേഷം വന്ന ആദ്യ സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന തരത്തില്‍ സാമൂഹിക ബന്ധങ്ങളെ അഴിച്ചുപണിയുന്ന അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി കുറിച്ചു.
‘ഭൂപരിഷ്കരണമടക്കം വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇ.എം.എസിന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ നടത്തിയ ഇടപെടല്‍ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു’, മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
കേരള പിറവിക്കുശേഷം വന്ന ആദ്യ സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന വിധത്തില്‍ സാമൂഹിക ബന്ധങ്ങളെ അഴിച്ചുപണിയുന്ന അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്. ഭൂപരിഷ്കരണമടക്കം വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇ.എം.എസിന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ നടത്തിയ ഇടപെടല്‍ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
2021 ല്‍ അധികാരത്തുടര്‍ച്ച നേടിയെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ടു സവിശേഷ മുന്‍കൈകള്‍ ഈ കേരളപ്പിറവി ദിനത്തില്‍ നടത്തുന്നുണ്ട്. ആദ്യത്തേത്, വിദ്യാലയങ്ങള്‍ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനമാണ്. രണ്ടാമത്തേത്, കെ.എ.എസ് നടപ്പാക്കി കേരളത്തിലെ പൊതുസേവന മേഖലയെ ആകെ നവീകരിക്കലും. ഇന്ന് കെ.എ.എസിന്റെ ആദ്യത്തെ ബാച്ചിനു നിയമന ശിപാര്‍ശ നല്‍കുകയാണ്. സര്‍ക്കാര്‍ സര്‍വിസിലേക്ക് ഉയര്‍ന്ന യോഗ്യതയും മിടുക്കും ഉള്ളവരെ ആകര്‍ഷിച്ച് സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണു നാം ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി ഡിജിറ്റല്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പൊതുസേവനങ്ങള്‍ ജനങ്ങളുടെ വീടുകളിലേക്കും കരങ്ങളിലേക്കും എത്തിക്കുന്ന സംവിധാനത്തിനും നാം തുടക്കമിട്ടിട്ടുണ്ട്.
ഇതിനൊപ്പം വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും അവിരാമം തുടരുകയാണ് ഈ സര്‍ക്കാര്‍. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിരവധി ഇടപെടലുകളാണ് ഇക്കാലയളവില്‍ നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാകട്ടെ 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ രേഖകളടങ്ങിയ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ ഏഴു ദിവസത്തിനകം കോംപൊസിറ്റ് ലൈസന്‍സ് ലഭ്യമാക്കാന്‍ വേണ്ട നിയമഭേദഗതി നടത്തിയിട്ടുമുണ്ട്.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 3,220 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കാണ് ധാരണയായിട്ടുള്ളത്. 4,299 പുതിയ എം.എസ്.എം.ഇ യൂനിറ്റുകളാണ് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. 17,448 തൊഴിലവസരങ്ങളും ഈ മേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.
20 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാനും അവ കരസ്ഥമാക്കാന്‍ കഴിയുന്ന ശേഷിവികസനം നമ്മുടെ യുവജനങ്ങള്‍ക്ക് ഉറപ്പുവരുത്താനുമുള്ള പദ്ധതി കെ-ഡിസ്കിലൂടെ ആവിഷ്കരിക്കുന്നതിെന്റ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ബദല്‍ നയങ്ങള്‍ നടപ്പാക്കിയാണ്, കേരളം വിവിധ വികസന സൂചികകളില്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളെ പൗരാവകാശം എന്ന നിലയില്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഈ ബദല്‍ വികസന കാഴ്ചപ്പാട് ലൈഫ്, ആര്‍ദ്രം എന്നീ മിഷനുകളുടെ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസനിധിയിലൂടെ നല്കുന്ന സഹായങ്ങളിലും വ്യക്തമാണ്.
അഞ്ചു വര്‍ഷം കൊണ്ട് 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണു നാം ലക്ഷ്യമിടുന്നത്. കെ-റെയില്‍ പോലെ ഭാവിക്കുതകുന്ന ഗതാഗത സൗകര്യങ്ങള്‍ കൂടി ഉറപ്പുവരുത്തി കേരളത്തെ വികസിത രാജ്യങ്ങള്‍ക്കു സമാനമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
നവകേരളം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ദുരന്തങ്ങള്‍ക്കോ ദുഷ്പ്രചാരണങ്ങള്ക്കോ തകര്‍ക്കാന്‍ കഴിയാത്തതുമായ ഒരു ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കല്പമാണ്. അതിെന്റ കേന്ദ്രത്തിലുള്ളത് ഓരോ കേരളീയനുമാണ്. കേരളത്തെ ലോകത്തിെന്റ മുന്നില്‍ ഒരു മാതൃകയായി ഉയര്‍ത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലടിസ്ഥാനപ്പെട്ട സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കു പൂര്ണപിന്തുണയേകും എന്ന പ്രതിജ്ഞയെടുത്ത്, നമുക്കീ കേരളപ്പിറവി ദിനം അര്‍ഥവത്താക്കാം.
Post Your Comments