കൊച്ചി : ലക്ഷദ്വീപില്‍ ജനങ്ങളും അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. ലക്ഷദ്വീപില്‍ കവരത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഭരണകൂടം പൊളിച്ചുനീക്കിയതോടെ ജനങ്ങളുടെ എതിര്‍പ്പ് ശക്തമായി. പഞ്ചായത്ത് പദ്ധതിപ്രകാരം ആരംഭിക്കാനിരുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊളിച്ചുനീക്കിയത്.
കലക്ടര്‍ എസ്.അസ്ഗര്‍ അലിയുടെ മേല്‍നോട്ടത്തില്‍ വന്‍ പൊലീസ് കാവലിലായിരുന്നു പൊളിക്കല്‍. ഇതോടെ ലക്ഷദ്വീപ് പഞ്ചായത്തുമായുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ശീതസമരം തുറന്ന പോരിലേക്കു നീങ്ങുകയാണ്.
2020 ലെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണു മൂന്നു പദ്ധതികളും കൊണ്ടുവന്നത്. ഇതില്‍ കെട്ടിട നിര്‍മ്മാണത്തിനായി ഇതിനോടകം 35 ലക്ഷം രൂപയോളം ചെലവായി. നിര്‍മ്മാണം അവസാനഘട്ടത്തിലായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരമാണു നടപടിയെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.
Post Your Comments