കരിമണ്ണൂർ: തൊടുപുഴ അർബൻ ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റ കേസിൽ റിട്ട. ഡോക്ടർ പൊലീസ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. ഡോക്ടർ ആണ് അറസ്റ്റിലായത്.
Read Also : സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഉടുമ്പന്നൂർ നടുക്കുടിയിൽ ജിജി സ്കറിയയുടെ കെട്ടിടം ഡോക്ടർ ആശുപത്രി നടത്താൻ വാടകയ്ക്ക് എടുത്തിരുന്നു. ഈ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റിടുന്നത് ഉൾപ്പെടെ 16.5 ലക്ഷം രൂപയുടെ ജോലികൾ ഡോക്ടറുടെ ചെലവിൽ നടത്തി. കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നെങ്കിലും ഉടമസ്ഥൻ കെട്ടിടവും വസ്തുവും അർബൻ ബാങ്കിൽ ഈട് നൽകി വായ്പയെടുത്തിരുന്നു. ഇപ്രകാരം 1.75 കോടിയുടെ ബാധ്യതയാണുണ്ടായിരുന്നത്. ബാങ്ക് ജപ്തി ചെയ്തതു മുതൽ ഡോക്ടർ കെട്ടിടവാടക അർബൻ ബാങ്കിനു നൽകിയിരുന്നു. തുടർന്ന്, കെട്ടിടം ഒഴിവായപ്പോൾ താൻ പണിത മേൽക്കൂര അഴിച്ചുമാറ്റിയെന്നാണ് ഡോക്ടർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
2021-ൽ ജപ്തി നടപടികളുടെ ഭാഗമായി സിജെഎം കോടതി വഴി കെട്ടിടം അറ്റാച്ച് ചെയ്തിരുന്നു. പൊളിച്ചുമാറ്റിയ വസ്തുക്കൾ വക്കീൽ കമ്മീഷൻ രേഖപ്പെടുത്തിയിരുന്ന ആസ്തിയിൽ ഉൾപ്പെട്ടവയാണ്. ഇവ ബാങ്കിന്റെ അനുമതി കൂടാതെ പൊളിച്ചുകൊണ്ടുപോയത് കുറ്റകരമാണെന്നാണ് ബാങ്കധികൃതർ പറയുന്നത്. പൊളിച്ചുമാറ്റിയ മേൽക്കൂര 1.25 ലക്ഷം രൂപയ്ക്ക് തൊടുപുഴയിൽ ഒരു പള്ളിയുടെ നിർമാണത്തിനായിട്ട് ഡോക്ടർ നൽകുകയായിരുന്നു.
Post Your Comments